നാരായണന്‍ പേരിയ
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായത്- നമ്മുടെ രാജ്യത്തെ സുപ്രീംകോടതി ജഡ്ജിമാര്‍ ചില കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്. ആ വിഭാഗത്തില്‍പ്പെട്ട കേസുകളില്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ- മരിക്കുന്നത് വരെ തൂക്കിലിടുക- എന്ന് വിധിക്കുക.
ഇവിടെ പറയാന്‍ പോകുന്നത് കൊലക്കേസിനെക്കുറിച്ചൊന്നുമല്ല. മാലിന്യപ്രശ്‌നം സംബന്ധിച്ചാണ്. പൊതു സ്ഥലത്ത് മാലിന്യം ഒഴുക്കിവിടുന്നു- കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ എം ജി റോഡ് പരിസരത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും നിന്നുള്ള മാലിന്യങ്ങള്‍. ഇതെല്ലാം ചെന്നെത്തുന്നത് ആ ഭാഗത്തെ കുടിവെള്ളക്കിണറുകളില്‍. മാലിന്യം ഒഴുക്കുന്നവരോട് ഈ സാമൂഹ്യ ദ്രോഹം അവസാനിപ്പിക്കണം എന്ന് പറഞ്ഞ് പറഞ്ഞ് മടുത്ത ശേഷം തദ്ദേശ വാസിയായ കൊറക്കോട്ടെ കെ ദേവദാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു- പൊതു താല്‍പ്പര്യ ഹര്‍ജി.
ഹോട്ടലുകളും ലോഡ്ജുകളും മറ്റുമാണ് മാലിന്യം ഒഴുക്കുന്നത്. അത് തടയേണ്ട ഉത്തരവാദിത്വം നഗരംഭരിക്കുന്നവര്‍ക്കാണ്- മുനിസിപ്പാലിറ്റിക്ക്. അവര്‍ അത് ചെയ്തില്ല. ദേവദാസ് ആദ്യം മാലിന്യ പ്രശ്‌നത്തെക്കുറിച്ച് അറിയിച്ചത് മുനിസിപ്പല്‍ അധികൃതരെയാണ്. ബധിരകര്‍ണ്ണന്മാരാണ് അവിടെ ഇരിക്കുന്നത് എന്ന് അനുഭവത്തില്‍ നിന്ന് മനസ്സിലായപ്പോഴാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. പത്രവാര്‍ത്തയായി. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ആണ് ഈ പ്രശ്‌നത്തില്‍ ഇടപെടേണ്ടത് എന്ന് ഹൈക്കോടതി കണ്ടെത്തി. കേസ് അങ്ങോട്ട് വിട്ടു.
അതോടെ ദേവദാസിന്റെ കേസിന് വലിയ വാര്‍ത്താ പ്രാധാന്യം കിട്ടി. സംസ്ഥാനത്ത് ആദ്യമായിട്ടാണത്രേ ഒരു മുനിസിപ്പാലിറ്റിയിലെ മാലിന്യപ്രശ്‌നം നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പരിഗണനയ്‌ക്കെടുക്കുന്നത്(വാര്‍ത്ത- 11.1.2011ന്).
പിന്നെന്തുണ്ടായി? കേസിന്റെ ഗതി എന്തായി? അത് പിന്നെപ്പറയാം.
പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് -(നഗരസഭകളുടെ പ്രയോഗം മറ്റൊന്നാണ്- മാലിന്യം നിക്ഷേപിക്കല്‍) ശിക്ഷാര്‍ഹമായ കുറ്റമാണത്രേ അത്. അവര്‍ ഭീഷണിപ്പെടുത്താറുണ്ട്.- പാതയോരത്തെ പരസ്യപ്പലകകളിലൂടെ അത്ര തന്നെ. അവരുടെ കടമ തീര്‍ന്നു. ഉത്തരവാദിത്വം അവസാനിച്ചു. അതിനപ്പുറം ഒന്നും നടക്കാറില്ലല്ലോ. ഒരിടത്തും.
സാമൂഹ്യ ബോധമുള്ള ആരെങ്കിലും പൊതു സ്ഥലങ്ങളിലെ മാലിന്യ പ്രശ്നം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാലോ? പൊതു പ്രസക്തിയുള്ള കാര്യമാണ് ഉന്നയിച്ചത് എന്ന് കണ്ട് അയാളെ എല്ലാവരും പിന്തുണയ്ക്കണം. ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണം. അതിനു പകരം പരിഹസിക്കുന്നവരാണ് ചുറ്റുപാടുമുള്ളത്. മാലിന്യമിടുന്നവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍- മലിന മനസ്‌ക്കര്‍-സാധാരണക്കാര്‍ മാത്രമല്ല, ജനപ്രതിനിധികളും വി വി ഐ പി മാരും വരെ.
വെറുതേ പറയുന്നതല്ല. 2011 ജുലൈ 19-ലെ നിയമസഭാ റിപ്പോര്‍ട്ടില്‍ നിന്ന് ഒരു ഭാഗം, ജലസ്രോതസ്സുകളടക്കമുള്ള പൊതു സ്ഥലങ്ങളില്‍ മാലിന്യം ഇടുന്നവര്‍ക്കെതിരെ നപടിയെടുക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. രാജു അബ്രഹാം എം എല്‍ എയുടെ ശ്രദ്ധ ക്ഷണിക്കലിന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നല്‍കിയ മറുപടിയാണ് ഇത്. നടപടിയെടുക്കുന്ന കാര്യം- എന്ത് നടപടി? പൊതു സ്ഥലങ്ങളില്‍ മാലിന്യം ഇടുന്നവര്‍ക്കെതിരെ നടപടി! ആലോചിച്ചുവരുന്നു.
എന്ന് തീരും ആലോചന? മന്ത്രിസഭയുടെ കാലാവധി തീരും മുമ്പ്? അതല്ല, ആലോചന തീരാതെ പോകുമോ? പിന്നാലെ വരുന്നവരോ? ആലോചിക്കും!
എന്നിട്ടും, വകുപ്പു മന്ത്രിയുടെ മറുപടി കേട്ട് മുന്നണിയിലെ എം എല്‍ എ പി കെ ബഷീര്‍ പറഞ്ഞു: പരിസ്ഥിതി പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരുടെയും, അവരുടെ നേതാക്കളുടെയും സ്വത്ത് വിവരം വെളിപ്പെടുത്താന്‍ ആവശ്യപ്പെടണം(ഇടപെട്ട എം എല്‍ എയുടെ പിതാവും എം എല്‍ എ ആയിരുന്നു. സീതിഹാജി).
എല്ലാവരും വി ഐ പി മാര്‍. വെരി ഇമ്പോര്‍ട്ടന്റ് പേഴ്സണ്‍(അല്ല, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് പറ
ഞ്ഞത് പോലെ, വെറും ഈനാംപേച്ചി പേഴ്സന്‍ (ഒറ്റയാന്‍ എന്ന ലേഖന സമാഹാരം- പേജ് 119)
ഇവര്‍ക്കാര്‍ക്കും അറിഞ്ഞുകൂടാത്ത- അല്ലെങ്കില്‍, അറിഞ്ഞിട്ടും, അജ്ഞത നടിക്കുന്ന- ഒരു വിവരം ഉണ്ട്. രത്ലാം കേസ്. ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ ആത്മകഥയില്‍ (പേജ്- 200) പരാമര്‍ശിച്ച കേസ്. പൊതു സ്ഥലങ്ങളിലെ ജീര്‍ണ്ണത പാവപ്പെട്ടവരില്‍ ഏല്‍പ്പിക്കുന്ന ആഘാതം കനത്തത്. മതിയായ ആരോഗ്യ സംവിധാനവും ഡ്രൈനേജും ഒരുക്കി പാവപ്പെട്ടവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം സജ്ജമാക്കാന്‍ മുനിസിപ്പാലിറ്റികളെ കോടതി നിര്‍ബന്ധിക്കണം.
മധ്യപ്രദേശിലെ രത്ലാം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മാലിന്യ പ്രശ്നം സംബന്ധിച്ച കേസിനെക്കുറിച്ചാണ് ജ. അയ്യര്‍ പറഞ്ഞത്.
മുനിസിപ്പാലിറ്റികളിലെ ഖരമാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് 1996ല്‍ സുപ്രീംകോടതി ഒരു പൊതുതാല്‍പ്പര്യഹര്‍ജി (റിട്ട് ഹര്‍ജി -888/1996) പരിഗണിച്ചുകൊണ്ട് ശ്രദ്ധേയമായ തീരുമാനമെടുത്തു. ഖരമാലിന്യ സംസ്‌ക്കരണം സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍, കല്‍ക്കത്താ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായിരുന്ന അസിം ദേബ് ബര്‍മ്മന്‍ ചെയര്‍മാന്‍ ആയി എട്ടംഗസമിതിയെ നിയോഗിച്ചു. 1999 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഇന്‍ ക്ലാസ്- വണ്‍ സിറ്റീസ് ഇന്‍ ഇന്ത്യ എന്ന ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന നിയമങ്ങള്‍ ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ളതാണ്.
അതില്‍പ്പറഞ്ഞ രണ്ടു കാര്യങ്ങള്‍, ഈ കുറിപ്പിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച കൊറക്കോട്ടെ ദേവദാസിന്റെ കേസുമായി ബന്ധപ്പെട്ടതാണെന്ന് തോന്നും. നടപ്പാതയിലോ തുറന്ന സ്ഥലത്തോ, ഓടകളിലോ ജലാശയങ്ങളിലോ പാഴ്വസ്തുക്കള്‍ വലിച്ചെറിയാന്‍ പാടില്ല. ഹോട്ടലുകള്‍ അവരുടെ അവശിഷ്ടങ്ങള്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പൊതുജനങ്ങള്‍ക്ക് ദോഷമാകാത്ത രീതിയില്‍ സംസ്‌ക്കരിക്കേണ്ടതാണ്.
അസിം ബര്‍മ്മന്റെ റിപ്പോര്‍ട്ട് തങ്ങള്‍ക്കും ബാധകമാണ് എന്ന് നമ്മുടെ നഗരം ഭരിക്കുന്നവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍? കൊറക്കോട്ടെ ദേവദാസിനെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കുമായിരുന്നോ? ഭീഷണിപ്പെടുത്തിയത് ഹോട്ടലുടമകളായിരുന്നു. അവര്‍ക്ക് കൂട്ടു നിന്നത്…
നഗരമാലിന്യം- ഹൃദയമാലിന്യം!








