തൃശൂര്‍: യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോവുന്നുവെന്ന വിവരം ലഭിച്ച പൊലീസ് നടത്തിയ വ്യാപക തിരച്ചിലില്‍ മതിലകം പൊലീസ് സ്റ്റേഷനതിര്‍ത്തിയിലെ പെരിഞ്ഞനത്ത് വാഹനം കണ്ടെത്തി. മണിക്കൂറുകളോളം നടത്തിയ അശ്രാന്ത പരിശ്രമത്തിനിടയില്‍ കക്ഷികളെ പിടികൂടാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെ അവര്‍ കാറിനടുത്തെത്തിയപ്പോള്‍ സ്ത്രീയും പുരുഷനും കാറിലിരുന്ന തമാശ പറഞ്ഞു ചിരിക്കുന്നു.
എന്തു പറ്റിയെന്ന പൊലീസിന്റെ അന്വേഷണത്തിന് അത്തരത്തില്‍ത്തന്നെ അവരും പ്രതികരിച്ചു. തൃശൂര്‍ ചേറ്റുവ എംഇഎസ് ജംഗ്ഷിലൂടെയല്ലേ നിങ്ങള്‍ ഇവിടെയെത്തിയതെന്ന പൊലീസിന്റെ ചോദ്യം അവര്‍ സമ്മതിച്ചു. അതേ, അതുവഴി തന്നെ. കാറിലിരുന്ന് നിങ്ങള്‍ കരഞ്ഞില്ലേയെന്നു പൊലീസ് ചോദിച്ചതും അവര്‍ ശരിവച്ചു. എന്തിനായിരുന്നു കരഞ്ഞതെന്ന ചോദ്യത്തിന് ഭര്‍ത്താവ് തന്നെ ശകാരിച്ചതിലുള്ള വിഷമം കൊണ്ടാണെന്നു തൊട്ടടുത്തിരുന്ന ഭര്‍ത്താവിനെ ചൂണ്ടി അവര്‍ പറഞ്ഞു. ഇത് കേട്ട പൊലീസ് അയ്യേ, എന്ന് അറിയാതെ പറഞ്ഞു. എങ്കിലും ധൈര്യം സംഭരിച്ചു കൂടുതല്‍ കാര്യങ്ങള്‍ ആരാഞ്ഞു. തങ്ങള്‍ പത്തനംതിട്ട സ്വദേശികളാണെന്നും ഗുരുവായൂരില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയാണെന്നും അവര്‍ പറഞ്ഞു.
യാത്രക്കിടയില്‍ കാറിനുള്ളില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. അതിനിടയില്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുകയും കരയുന്നപോലെ ആക്കുകയുമായിരുന്നുവത്രെ. കിട്ടിയ വിവരങ്ങള്‍ പൊലീസ് ക്രോസ് ചെക്ക് ചെയ്തു എല്ലാം ശരിയാണെന്നു ഉറപ്പാക്കിയ ശേഷം ഇളിഭ്യരായ പോലെ അവര്‍ മടങ്ങുകയും ചെയ്തു.
ഇന്നലെ ഉച്ചക്ക് ഒന്നരക്കാണ് ചേറ്റുവയില്‍ വച്ച് ഒരു കാറിലിരുന്ന് യുവതി കരയുന്നത് നാട്ടുകാരനായ ഒരാള്‍ കണ്ടത്. സ്വാഭാവികമായുണ്ടാവുന്ന സംശയം കാറിന്റെ നമ്പരടക്കം വാടനപ്പള്ളി പൊലീസിനെ അദ്ദേഹം അറിയിക്കുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ ആരംഭിക്കുകയും സമീപസ്റ്റേഷനുകളിലറിയിച്ച് അവരുടെ പരിധിയിലും തിരച്ചില്‍ തുടരുകയുമായിരുന്നു. ഒടുവില്‍ അവരെ വിവരമറിയിച്ച ശേഷം പൊലീസ് പിന്തിരിഞ്ഞു.








