ദോഹ: പാസ്‌പോര്‍ട്ട് ഫീസ് വര്‍ധനവ് പുനഃപരിശോധിച്ച് പ്രവാസികള്‍ക്ക് ആശ്വാസം നല്‍കണമെന്നും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്നും ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വിദേശകാര്യ മന്ത്രിയോടും ഖത്തറിലെ ഇന്ത്യന്‍ അംബാസഡറോടും ആവശ്യപ്പെട്ടു.
പ്രവാസി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന പാസ്‌പോര്‍ട്ട് ഫീസ് വര്‍ധനവ് സാധാരണ തൊഴിലാളികളും താഴ്ന്ന വരുമാനക്കാരുമായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നു നിവേദനത്തില്‍ പറഞ്ഞു. ഇന്ത്യയിലേക്കാള്‍ പലമടങ്ങ് ഉയര്‍ന്ന നിരക്ക് വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഈടാക്കുന്നു. പാസ്‌പോര്‍ട്ട് ഒരു അടിസ്ഥാന സര്‍ക്കാര്‍ സേവനമായതിനാല്‍ പ്രവാസികളുടെ മേല്‍ അധിക സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന നിലവിലെ ഫീസ് ഘടന പുനഃപരിശോധിച്ച് നിരക്കുകള്‍ ഗണ്യമായി കുറയ്ക്കുകയോ വര്‍ധനവ് പിന്‍വലിക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പിലാക്കുന്ന 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കു പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്നും നിവേദനം ആവശ്യമുന്നയിച്ചു. സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ കെ.ബി. കുഞ്ഞാമു ഹാജിക്ക് ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ കെ.ബി. കുഞ്ഞാമു ഹാജിക്ക് സമര്‍പ്പിച്ചു. പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അദ്ദേഹം വിശദമായി സംസാരിച്ചു.
റഹീം ചൗക്കി, കെ.ബി. റഫീഖ്, റോസുദ്ദീന്‍, സിദ്ദിഖ് പടിഞ്ഞാര്‍, ഹമീദ് കൊടിയമ്മ, മാഹിന്‍ ബ്ലാര്‍കോഡ്, ജുനൈദ്, നസീര്‍ ആസാദ് നഗര്‍ പ്രസംഗിച്ചു.








