പാലക്കാട്: ആൺകുട്ടിയുടെ വേഷം ധരിച്ച് ട്രെയിനില്‍ കഞ്ചാവ് കടത്തുകയായിരുന്ന 21 കാരി പിടിയിൽ. അസം സ്വദേശിനിയായ രൂപ്‌സാന ബീഗം (21) ആണ് പിടിയിലായത്. കേരള എക്‌സൈസിന്റെ സംസ്ഥാനതല ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ ‘ഓപ്പറേഷന്‍ തണ്ടറി’ന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കണ്ടപ്പോള്‍ രൂപ്‌സാനയെ യുവാവാണെന്നാണ് തോന്നിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍, സമാന ലഹരിമരുന്ന് കേസില്‍ രൂപ്‌സാന മുമ്പും അറസ്റ്റിലായിട്ടുണ്ടെന്ന വിവരമാണ് എക്‌സൈസിന് ലഭിച്ചത്. ഹേമാംബിക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായും ജയിലില്‍ കഴിഞ്ഞിട്ടുള്ളയാളാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നത്, ആര്‍ക്കാണ് കൈമാറാനിരുന്നതെന്നും ഇതിന് പിന്നില്‍ അന്തര്‍സംസ്ഥാന ലഹരിക്കടത്ത് ശൃംഖലയുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ജി അജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.








