കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് കട്ടിലുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അറസ്റ്റിലായി. അങ്കമാലി സ്വദേശി ആന്‍സ്റ്റന്‍ ആണ് പിടിയിലായത്. 2024 ഈ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിയായിരുന്നു ആന്‍സ്റ്റന്‍. ഞായറാഴ്ച പുലര്‍ച്ചേയാണ് ഇയാള്‍ മോഷണത്തിനായി എത്തിയത്. എട്ട് കട്ടിലുകള്‍ പിക് അപ് വാനില്‍ ഭംഗിയായി കെട്ടിവെച്ച് കടന്നുകളയാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. അപ്പോഴാണ് സെക്യൂരിക്കാരന്റെ ശ്രദ്ധയില്‍പെട്ടത്. ജീവനക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍ മൂട്ടയെക്കൊല്ലാന്‍ അങ്കമാലിയില്‍ മരുന്നടിക്കാന്‍ കൊണ്ടുപോകുന്നതെന്നാണ് മറുപടി നല്‍കിയത്. അതിന് ആര് ചുമതലപ്പെടുത്തിയെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടായില്ല. ഇതോടെ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസില്‍ വിവരമെത്തിച്ചു. സെന്‍ട്രല്‍ പൊലീസ് എത്തി ആന്‍സനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. കട്ടില് കടത്താന്‍ മൊബൈല്‍ ആപ് വഴി വാഹനം വിളിക്കുകയായിരുന്നു. കട്ടിലുകള്‍ അങ്കമാലിയെത്തിച്ച് വില്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം. അതേസമയം ആന്‍സ്റ്റന്‍ ഇതിന് മുമ്പ് മോഷണമൊന്നും നടത്തിയതായി പൊലീസിന് അറിവില്ല. അമ്മയ്ക്ക് അസുഖമാണെന്നും സാമ്പത്തിക ബുദ്ധിമുട്ടാണെന്നുമാണ് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഇക്കാര്യത്തിലടക്കം വ്യക്തതയുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്.








