അനധികൃത വന്‍കിട ചെങ്കല്‍ ഖനനവും കടത്തും; പൈവളിഗെ പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ ജെക്കി എന്ന സക്കറിയക്കെതിരെ വിട്‌ളയില്‍ കേസ്

കാസര്‍കോട്; അനധികൃത ചെങ്കല്‍ ഖനനത്തിനും ചെങ്കല്‍മണ്ണ്-ചെങ്കല്ല് കടത്തിനും ഡിവൈഎഫ്‌ഐ നേതാവും പൈവളിഗെ പഞ്ചായത്ത് മെമ്പറുമായ ജെക്കി എന്ന സക്കറിയക്കെതിരെ കര്‍ണ്ണാടക വിട്‌ല പൊലീസ് കേസെടുത്തു. ഖനനത്തിന് ഉപയോഗിച്ച യന്ത്രോപകരണങ്ങള്‍, മറ്റുപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ബണ്ട്വാള്‍ താലൂക്കിലെ കരോപാടി ഗ്രാമത്തിലെ മുഗുളിയില്‍ വന്‍തോതില്‍ അനധികൃതമായി ഖനനം നടത്തുകയും ചെങ്കല്ലും ചെങ്കല്‍മണ്ണും വ്യാപകമായി കടത്തുകയും ചെയ്യുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണയുടെ നേതൃത്വത്തില്‍ പൊലീസ് ചെങ്കല്‍ ഖനനസ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നത് കണ്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അനധികൃതമായാണ് ചെങ്കല്‍ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ക്വാറിക്കടുത്ത് മണ്ണ് ഖനനം നടത്തുന്നതും അതും വന്‍തോതില്‍ കടത്തുന്നതും കണ്ടെത്തി. മണ്ണു കൊണ്ടുപോകുന്ന ലോറികളുടെ ഭാരം പരിശോധിക്കാന്‍ സ്ഥാപിച്ചിരുന്ന വേ ബ്രിഡ്ജും അതുമായി ബന്ധപ്പെട്ട കെട്ടിടവും പൊലീസ് കണ്ടെത്തി. സക്കറിയ പൈവളിഗെ ഗ്രാമപഞ്ചായത്ത് മുളിഗദ്ദെ സ്വദേശിയാണ്. സംഭവവുമായി ബന്ധപ്പെട്ട് 148/2026 നമ്പറായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭാരതീയ ന്യായ സംഹിത 303(2), ഖനികളും ഖനിജങ്ങളും സംബന്ധിച്ച നിയമം, 1957ലെ വകുപ്പ് 4(1), 21, കര്‍ണ്ണാടകയിലെ മൈനര്‍ മിനറല്‍ റൂള്‍സ്, 1994ലെ ചട്ടം 3, 44 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അനധികൃത ചെങ്കല്‍ ഖനനവും കടത്തും: പ്രതിയായ പഞ്ചായത്ത് മെമ്പറെ പഞ്ചായത്ത് ഭരണസമിതിയില്‍ നിന്ന് പുറത്താക്കണം-ലോകേഷ് നോണ്ട

പൈവളിഗെ: അനധികൃത ചെങ്കല്‍ ഖനനത്തിനും വ്യാപകമായ ചെങ്കല്‍മണ്ണു കടത്തിനും കര്‍ണ്ണാടക വിട്‌ല പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ പൈവളിഗെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുളിഗദ്ദെയിലെ ജെക്കി എന്ന സക്കറിയയെ പഞ്ചായത്ത് ഭരണസമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ട ആവശ്യപ്പെട്ടു.
നിയമലംഘകരും മാഫിയ തലവന്മാരും ജനപ്രതിനിധികളായി തുടരുന്നതു ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമുതല്‍ കൊള്ളക്കും പ്രകൃതി ചൂഷണത്തിനും നിയമ ലംഘനത്തിനുമാണ് കര്‍ണ്ണാടക പൊലീസ് കേസെടുത്തിട്ടുള്ളത്. ഇത്തരം വ്യക്തികള്‍ നാടുഭരിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നത് കള്ളനെ കാവല്‍ ഏല്‍പ്പിക്കുന്നതിന് തുല്യമാണെന്നും ലോകേഷ് പറഞ്ഞു.
ഇത്തരക്കാരെ ചുമന്നു നടക്കാനാണോ സിപിഎമ്മും ഡിവൈഎഫ്‌ഐയും എന്നും ഈ സംഘടനകളില്‍ അവശേഷിക്കുന്ന ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ആലോചിക്കണം. സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ജീവിതചര്യയാക്കിയവരെ സംഘടനയില്‍ നിന്നു പുറത്താക്കുകയോ അല്ലാത്തപക്ഷം അവര്‍ സ്വയം പുറത്തു പോവുകയോ വേണമെന്നും ലോകേഷ് ചൂണ്ടിക്കാട്ടി.

ബായാറിലെ മണ്ണുകടത്തിനെക്കുറിച്ചും അന്വേഷണം വേണം: യൂത്ത് ലീഗ്

പൈവളിഗെ: ദീര്‍ഘകാലമായി ബായാറില്‍ നിന്നും പൈവളിഗെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യാപകമായി നടത്തുന്ന മണ്ണു കടത്തിനെക്കുറിച്ചും അതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് പൈവളിഗെ പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
പൈവളിഗെ ബായാറിലും തൊട്ടടുത്ത പ്രദേശങ്ങളിലും ദീര്‍ഘകാലമായി വ്യാപകമായ മണ്ണെടുപ്പും മണ്ണു കടത്തും തുടരുന്നുണ്ടെന്നു പരാതിയില്‍ പറഞ്ഞു.
അനധികൃത മണ്ണ് കൊള്ളയും ചെങ്കല്‍മണ്ണ് കടത്തും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമായിട്ടുണ്ട്. അതിനെക്കുറിച്ചും അന്വേഷിക്കണം. ഇത്രയും ഭീകരമായ കുന്നിടിക്കലിനും മണ്ണുകടത്തലിനും ഒത്താശ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരുടെ സംഘത്തെക്കുറിച്ചും അന്വേഷിച്ചു കുറ്റവാളികളും കൊള്ളക്കു കൂട്ടുനിന്നവരുമായ ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അത് മറ്റു ജീവനക്കാരും മാതൃകയാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page