കൊച്ചി: കാസര്‍കോട് ജില്ലയിലെ നീലേശ്വരം കാലിച്ചാമരത്തെ ക്രഷര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി പൊലീസിനോടു നിര്‍ദ്ദേശിച്ചു.
കരിങ്കല്ലിന്റെ കടുത്ത ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും കാരണം സ്ഥാപനത്തില്‍ നിന്നു രണ്ടു ജീവനക്കാരെ ആനുകൂല്യം നല്‍കി പിരിച്ചു വിടാന്‍ ശ്രമിച്ചതിനെതിരെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിപ്പിച്ചു കൊണ്ടു സി.ഐ.ടി.യു. നടത്തുന്ന അക്രമാസക്തമായ സമരത്തിനെതിരെ ക്രഷറി ഉടമ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം. ക്രഷറിലെ സി. സി.പുഷ്പന്‍, കെ.അനു എന്നിവരോട് നിയമാനുസൃതമായ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി ഒഴിവാകാന്‍ ഉടമ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സി.ഐ.ടി.യു അനിശ്ചിതകാല സമരം നടത്തുന്നതിനാല്‍ അടച്ചിട്ട കാലിച്ചാമരം പള്ളപ്പാറയിലെ ക്രഷര്‍ തടസമില്ലാതെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അതിനാല്‍ മതിയായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നായിരുന്നു പരാതി. ക്രഷറിലേക്കുള്ള സ്വകാര്യ റോഡ് തടസപ്പെടുത്തി വാഹനങ്ങളുടെയും ജീവനക്കാരുടെയും സഞ്ചാരം തടയുകയും സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടക്കുകയും ചെയ്യുകയാണെന്നു ക്രഷര്‍ ഉടമ സി. എന്‍ ബിനീഷ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വാദം കേട്ട കോടതി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, നീലേശ്വരം ഇന്‍സ്പെക്ടര്‍ എന്നിവരോട് ക്രഷറിനു പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ക്രഷറിന് മുന്നില്‍ സമരം നടത്തുകയും നിയമവിരുദ്ധമായി വാഹനങ്ങള്‍ തടയുകയും പ്രവര്‍ത്തനം മുടക്കുകയും വാഹനവും തൊഴിലാളികളെയും തടയുകയും ചെയ്തതിനു സമരക്കാരുടെ പേരില്‍ നീലേശ്വരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. സി.പി.എം ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ ഒ.എം ബാലകൃഷ്ണന്‍, ലോജിത്, തൊഴിലാളികളായ പുഷ്പന്‍, അനു, ജില്ലാ ലേബര്‍ ഓഫീസര്‍, നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍, ഡിവൈ.എസ്.പി, എസ് പി, ഹോം സെക്രട്ടറി തുടങ്ങിയവരാണ് കേസിലെ എതിര്‍കക്ഷികള്‍.








