ആഗ്ര: 44 കാരനെ കൊന്ന് ശുചിമുറിയില്‍ കുഴിച്ച് മൂടിയ ഭാര്യ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് ദാരുണ സംഭവം. സുരേന്ദ്ര കുമാര്‍ ശര്‍മ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ റൂബിയെ പൊലീസ് അറസ്റ്റുചെയ്തു. സുരേന്ദ്ര കുമാര്‍ ശര്‍മയുടെ സഹോദരന്‍ അനില്‍ ശര്‍മയ്ക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്. മെയ് 18 നാണ് സുരേന്ദ്ര കുമാര്‍ ശര്‍മ കാണാതായതായി പ്രചരിച്ചത്.
എവിടെയോ പോയതാണെന്നും വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു ഭാര്യ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് റൂബി ഭര്‍ത്താവിനെ കാണാതായെന്നു ചൂണ്ടക്കാട്ടി പൊലീസിലും പരാതി നല്‍കിയിരുന്നു. പൊലീസ് എത്തി വീട് പരിശോധിച്ചപ്പോള്‍ ശുചിമുറിയുടെ തറ പുതിയതായി ടൈല്‍ പാകിയതായി കണ്ടെത്തി. സംശയം തോന്നിയ പൊലീസ് യുവതിയെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി മൊഴി നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത്. പെട്ടെന്നുള്ള കാണാതാകലില്‍ നേരത്തെ തന്നെ സംശയമുണ്ടായിരുന്ന ഭര്‍തൃസഹോദരന്‍ തന്റെ ആശങ്കകള്‍ പൊലീസുമായി പങ്കുവെച്ചു. തുടര്‍ന്ന് റൂബിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അവര്‍ കുറ്റം സമ്മതിച്ചത്. മൃതദേഹം ബാത്‌റൂം തറയ്ക്കടിയിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് അവര്‍ വെളിപ്പെടുത്തി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശുചിമുറിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ റൂബി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഉറപ്പിച്ചിരുന്നതായും ഇതിനായി ശുചിമുറി ടൈല്‍ ഇടാനായി ജോലിക്കാരെ ഏര്‍പ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഏകദേശം 16 വര്‍ഷമായി വിവാഹിതരായി കഴിഞ്ഞിരുന്ന സുരേന്ദ്രനും റൂബിയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. നിത്യവും മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്നും റൂബി പൊലീസിന് മൊഴിനല്‍കി. കൊല നടത്തുന്നതിന് മുമ്പ് മക്കളെ സഹോദരന്റെ വീട്ടിലേക്ക് അയച്ചിരുന്നു. ഭര്‍ത്താവിന് യുവതി ഉറക്കഗുളികകള്‍ കലര്‍ത്തിയ പായസം നല്‍കി. സുരേന്ദ്രന്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഇവര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിറ്റേന്ന് രാവിലെ ബാത്‌റൂമില്‍ വലിയൊരു കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി. മുകളില്‍ മണ്ണും സിമന്റും ഇട്ട് തറ നന്നായി പ്ലാസ്റ്റര്‍ ചെയ്ത ശേഷം ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ പുതിയ ടൈലുകള്‍ പാകി കൃത്യം ഒളിപ്പിച്ചു. 45 ദിവസം രഹസ്യം ഉള്ളിലൊതുക്കി യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇവര്‍ ജീവിച്ചത്. സുരേന്ദ്രന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.








