കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച പണിമുടക്കും. പ്രിയദര്‍ശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണിത് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത്. ദിവസം 3000 രൂപവരെ നഷ്ടം വരുന്നതായി ഉടമകള്‍ പറയുന്നു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അനുകൂലമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ ഉടമകളും കുടുംബങ്ങളും തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും 20 മുതല്‍ 25 വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ ഗിരീഷ്, ടി ലക്ഷ്മണന്‍, ഗിരികൃഷ്ണന്‍, കെ വി ബാബു എന്നിവര്‍ അറിയിച്ചു.







