മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കള്‍; ആത്മഹത്യയെന്ന് പ്രചരിപ്പിച്ചു, ഒടുവില്‍ വീട്ടുകാരെ കുടുക്കി ഭാര്യ

ഗാന്ധിനഗര്‍: മദ്യപിച്ച് വീട്ടില്‍ സ്ഥിരം ശല്യമുണ്ടാക്കിയിരുന്ന യുവാവിനെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. മരണശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. എന്നാല്‍ 23 കാരനായ യുവാവിന്റെ ഭാര്യയുടെ ഇടപെടലില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലുള്ള ഗോണ്ടല്‍ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തില്‍ ജൂണ്‍ 30-നാണ് സംഭവം നടന്നത്. റാം ബാബുഭായ് ബംഭാവ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ബാബുഭായ്, മാതാവ് മനീഷാബെന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. മാതാപിതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് തെളിഞ്ഞത്. നാല് മാസം മുമ്പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. അമിത മദ്യപാനിയായിരുന്നു റാം. ഇതേച്ചൊല്ലി മകനുമായി വീട്ടില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവ ദിവസവും തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ മാതാവ് റാമിനെ ബലമായി ആസിഡ് കുടിപ്പിച്ചു. തുടര്‍ന്ന് പിതാവ് റാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കാന്‍ പിതാവായ ബാബുഭായ് തന്റെ പ്രാദേശിക രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ വെച്ച് വേഗത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇയാള്‍ ചില പ്രാദേശിക നേതാക്കള്‍ വഴി സമ്മര്‍ദ്ദം ചെലുത്തിയതായി പൊലീസ് പറയുന്നു. എന്നാല്‍ ഉള്ളില്‍ വിഷാംശം ചെന്നതായും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. റാമിന്റെ മരണത്തില്‍ സംശയം തോന്നിയ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഗോണ്ടല്‍ പൊലീസ് മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പിന്നീട് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page