പയ്യന്നൂര്‍: പരിസരങ്ങളില്‍ സര്‍വ്വീസ് റോഡ് ദിവ്യാംഗമായതായി പരാതി ഉയര്‍ന്നു.
കോടിക്കണക്കിനു രൂപ ചെലവഴിച്ചു നടപ്പാക്കുന്ന ദേശീയപാത പദ്ധതിക്ക് മോഹവില നല്‍കി വാങ്ങിയ സ്ഥലത്തിനാണ് പയ്യന്നൂര്‍ പരിസരങ്ങളില്‍ ചിലയിടങ്ങളില്‍ വൈകല്യം ബാധിച്ചതെന്നു നാട്ടുകാര്‍ ഖേദം പ്രകടിപ്പിച്ചു. ചില സമ്പന്നന്മാരുടെ സ്ഥലത്തിനടുത്തെത്തുമ്പോഴാണ് സര്‍വ്വീസ് റോഡിന് ഈ ദുര്‍ഗതി ഉണ്ടായതെന്നും ഇതു സമ്പത്തിനോടുള്ള വിധേയത്വം കൊണ്ടാണെന്നുമൊക്കെ ആളുകള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കോടികള്‍ ചെലവഴിച്ചു സര്‍വ്വീസ് റോഡിന് മോഹ വില നല്‍കി ഏറ്റെടുത്ത സ്ഥലം എവിടെപ്പോയെന്നും ആളുകള്‍ ആരായുന്നുണ്ട്. ഏഴുമീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡിനു സ്ഥലം ഏറ്റെടുത്തതെന്നു പറയുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ അതു മൂന്നര മീറ്ററില്‍ ഒതുങ്ങി. മറ്റു ചിലേടങ്ങളില്‍ അഞ്ചുമീറ്റര്‍ വീതിയും അഞ്ചരമീറ്റര്‍ വീതി വരെയുമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ഒരു ബസോ മറ്റു വാഹനമോ നിറുത്തിയാല്‍ പിന്നാലെ വരുന്ന വാഹനങ്ങളൊക്കെ അതു പോവുന്നതുവരെ നിറുത്തിയിടേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്.
ദേശീയപാത ഒരു നിയമവും വ്യവസ്ഥയുമനുസരിച്ചാണോ ഓരോരുത്തരുടെ നിയമമനുസരിച്ചാണോ നടപ്പാക്കുന്നതെന്നും ജനങ്ങള്‍ ആരായുന്നു.
കാലം അതിവേഗം മുന്നേറിക്കൊണ്ടിരിക്കെ അതിനനുസരിച്ചു സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ദേശീയപാതയും അതിന്റെ ഭാഗമായ സര്‍വ്വീസ് റോഡും ഇത്തരത്തില്‍ ആക്കുന്നത് ആരുടെ നിയമവും വ്യവസ്ഥകളുമനുസരിച്ചാണെന്നും ഒരു പദ്ധതിക്കു പലയാളുകള്‍ക്കും പല നിയമവും വ്യവസ്ഥയുമാണോ എന്നുമൊക്കെ ആളുകള്‍ ആരായുന്നുണ്ട്.








