കാസർകോട്:മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കിയ “ജൽ ജീവൻ”പദ്ധതി സംസ്ഥാനത്ത് അധികൃതർ കരാറുകാർക്കു സമർപ്പിച്ചു. കോടികൾ ചെലവഴിച്ച പദ്ധതിയിൽ വെള്ളമില്ലെന്നേയുള്ളു. നാടു മുഴുവൻ റോഡുകൾ കുഴിച്ചു മറിച്ചു പൈപ്പിട്ടു. കക്കൂസുകളിൽ വരെ അത്യന്താധുനിക ടാപ്പു ഫിറ്റ് ചെയ്തു. പക്ഷെ, പൈപ്പിലൂടെ ഒഴുകി ടാപ്പിലെത്താനുളള വെള്ളത്തിന്റെ ഉറവ മാത്രം കണ്ടെത്താൻ അധികൃതർക്കു സമയമില്ലാതെ പോയി. പദ്ധതി വെറുതെയുമായി. എങ്കിലെന്ത് ? 18, 643 കോടി രൂപ ജൽ ജീവന്റെ കണക്കിൽ കേരളം ചെലവാക്കിക്കൊടുത്തു. അതിന്റെ കണക്കും എഴുതിക്കൊടുത്തു. ജീവനക്കാരുടെ ഊർജസ്വലതയെ മേൽ ജീവനക്കാർ പ്രശംസിക്കുകയും ചെയ്തുവെന്നു പറയുന്നു. പിന്നെഎന്തുവേണം? വെളളത്തിന്റെ സ്രോതസ് കണ്ടെത്താതെയും ജലം ഉറപ്പാക്കാതെയും ജൽ ജീവൻ പദ്ധതി നടപ്പാക്കുന്ന സൂത്രം ജീവനക്കാർ ഇതു വഴി പദ്ധതിക്കു കാഴ്ച സമർപ്പിച്ചിട്ടുണ്ടെന്നും പറയുന്നു.
ഈ പണിയിലൂടെ വിവിധ ജില്ലകളിൽ 40 മുതൽ 50 ശതമാനം വരെ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. എന്നാൽ അത് പൈപ്പിട്ട് പോയ കാര്യമാണ്. കുടി വെള്ളം എവിടെ നിന്ന് വരുമെന്നോ എവിടെയാണെന്നോ അധികൃതർക്ക് ഒരു പിടിയുമില്ല.ഈ പദ്ധതിക്കായി 18.643 കോടി രൂപ ഇതിനകം ചെലവഴിച്ചതായി സി എ ജി റിപ്പോർട്ടിലും പറയുന്നു. കരാറുകാർക്ക് കാശുണ്ടാക്കി കൊടുത്തതല്ലാതെ ഒരു തുള്ളി വെള്ളം ഇതുവരെ പൈപ്പ് ലൈൻ വഴി ലഭിച്ചതുമില്ല.2025ൽ പൂർത്തിയാക്കേണ്ട പദ്ധതിയുടെ കാലാവധി 2028 ഡിസംബർ വരെ കേന്ദ്രസർക്കാർ ഇപ്പോൾ നീട്ടി നൽകിയിട്ടുമുണ്ട്.
അതിനിടെ ഗാർഹിക കണക്ഷന് അമിത നിരക്കാണ് പദ്ധതിയിൽ പറയുന്നത്.ഇത് പദ്ധതിയിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി നിറുത്തുകയും ചെയ്യുന്നു. ഈ പണി ബോധപൂർവമാണെന്നു ആരോപണമുണ്ട്. കണക്ഷൻ എടുത്താൽ വെള്ളം കൊടുത്തില്ലെങ്കിൽ അതു പൊല്ലാപ്പുണ്ടാക്കാ മെന്നും അതു ഒഴിവാക്കാനാണ് കണക്ഷൻ ഫീസ് വർധിച്ചിട്ടുള്ളതെന്നും കളികൾ അറിയാവുന്ന വർ പറയുന്നു. കുമ്പളയിൽ വിവിധ അംഗൻവാടികളിൽ പോലും പദ്ധതിയുടെ പേരിൽ ടാപ്പ് വഴി കുടിവെള്ളം എത്തിക്കുമെന്ന് പറഞ്ഞ് പൈപ്പ് ലൈൻ സ്ഥാപിച്ചു പോയിട്ടുണ്ട്. ഇവിടെയും അംഗൻവാടി ജീവനക്കാരോട് അമിത നിരക്കാണ് ബന്ധപ്പെട്ടവർ പറഞ്ഞിട്ടുള്ളത്. അംഗൻവാടികൾ എങ്ങനെയാണ് ഇതിനു തുക കണ്ടെത്തേണ്ടതെന്ന് ജീവനക്കാർ പരസ്പരം ചോദിക്കുന്നുമുണ്ട്. കുടിവെള്ള ലഭ്യത ഉള്ള അംഗൻവാടികളിൽ പോലും അധികൃതർ ടാപ്പ് സ്ഥാപിച്ചു പോയിട്ടുമുണ്ട്.മുമ്പും ഇത്തരത്തിൽ വിവിധ പദ്ധതികളുടെ പേരിൽ കുമ്പളയിൽ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുമെന്ന് പറഞ്ഞ് പൈപ്പ് ലൈൻ സ്ഥാപിച്ചതല്ലാതെ വെള്ളം എവിടെയും എത്തിയിരുന്നില്ല. അതേ സമയം ഇപ്പോൾ സ്ഥാപിച്ച പൈപ്പുകളൊന്നും കാണാനേയില്ലന്നും സംസാരമുണ്ട്. മാന്തി വച്ചിരുന്ന പൈപ്പുകളിൽ കുറെ വാഹനങ്ങൾ കയറി ചതഞ്ഞരഞ്ഞു. കുറെ പെപ്പ് ആവശ്യമുള്ളവർ ഇളക്കിയെടുത്തു കൊണ്ടു പോയി.എങ്കിലും പദ്ധതിയുടെ പേരിൽ 18643 കോടി രൂപ ഒഴിഞ്ഞു കിട്ടിയല്ലോ എന്ന് അധികൃതർ ആശ്വസിക്കുന്നു.
നേരത്തെ ജൽജീവൻ സൗജന്യ കണക്ഷനാണെന്ന് പറഞ്ഞിരുന്നു. കുടിവെള്ളം ടാപ്പുകളിൽ വരാതെ ചിലയിടങ്ങളിൽ ബില്ല് വന്ന് തുടങ്ങിയതോടെ ഉപഭോക്താക്കൾ കണക്ഷൻ വിച്ഛേദിക്കാൻ പരക്കം പായുകയാണിപ്പോൾ.അതിനിടെ പദ്ധതിയുടെ പാളിച്ചകളെ പറ്റി സമഗ്രാന്വേഷണം വേണമെന്നു ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടുമുണ്ട്.







