കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം

കാസര്‍കോട്: അന്തര്‍സംസ്ഥാന കുറ്റവാളി കാഞ്ഞങ്ങാട്ടെ ലാലാ കബീർ എന്ന അഹമ്മദ് കബീറും കൂട്ടാളിയും കഞ്ചാവ് കടത്തുന്നതിനിടയില്‍ കുമ്പളയില്‍ പിടിയിലായത് നാടകീയമായി. നിരവധി കേസുകളില്‍ പ്രതിയായ ലാലാ കബീര്‍ ഏറ്റവും ഒടുവില്‍ പിടിയിലായത് കര്‍ണ്ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ്. പ്രസ്തുത കേസില്‍ മൈസൂർ ജയിലിൽ കഴിഞ്ഞ ശേഷം മൂന്നാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. കാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളിൽ പ്രതിയായ ലാലാ കബീറിന്റെ പൂര്‍വ്വചരിത്രം കൃത്യമായി അറിയാവുന്ന പൊലീസ് അധികൃതർ കരുതലോടെയാണ് നീങ്ങിയത്. കബീർ ജയിലില്‍ നിന്നിറങ്ങിയാല്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമെന്ന കണക്കുകൂട്ടലിലായിരുന്നു പൊലീസ്. അതിനാല്‍ ജയിലില്‍ നിന്നിറങ്ങിയ ലാലാ കബീറിന്റെ വരവ് കാസര്‍കോട് ജില്ലാ പൊലീസ് ജാഗ്രതയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ കബിര്‍ സ്വന്തം ജില്ലയായ കാസര്‍കോട്ടേക്ക് എത്തിയിട്ടില്ലെന്ന് ഉറപ്പാക്കി. എങ്ങോട്ടേക്ക് പോയതെന്ന അന്വേഷണത്തിടയിലാണ് കബീറിന്റെ നീക്കങ്ങളെകുറിച്ചുള്ള ചില സൂചനകള്‍ പൊലീസിനു ലഭിച്ചത്. ജയിലില്‍ നിന്നും ഇറങ്ങിയ കബീര്‍ നേരെ കര്‍ണ്ണാടകയുടെ വടക്കു – കിഴക്കന്‍ അതിര്‍ത്തി വഴി സ്ഥലം വിട്ടതായി പൊലീസിനു വിവരം ലഭിച്ചു. ഇതോടെ പൊലീസിന്റെ ഓരോ നീക്കങ്ങളും കരുതലോടെയായിരുന്നു.
ഇതിനിടയിൽ ലാലാകബീര്‍ കാര്‍ മാര്‍ഗം കാസര്‍കോട് കേന്ദ്രമാക്കി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായുള്ള രഹസ്യ വിവരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ (വെള്ളി) രാത്രി മുതല്‍ പൊലീസ് ജാഗ്രതയിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും പൊലീസും തലപ്പാടി അതിര്‍ത്തിയില്‍ നിലയുറപ്പിച്ചു. ശനിയാഴ്ച രാവിലെ സംശയകരമായ സാഹചര്യത്തില്‍ എത്തിയ ഹോണ്ടാസിറ്റി കാറിനു പൊലീസ് കൈ കാണിച്ചുവെങ്കിലും നിര്‍ത്താതെ മുന്നോട്ടു കുതിച്ചു. സംശയം തോന്നിയ പൊലീസ് സംഘം പിന്തുടര്‍ന്നതോടെ കാര്‍ അമിത വേഗതയിലോടി. സംഘം രക്ഷപ്പെട്ടേക്കുമെന്ന ഘട്ടത്തിലെത്തിയതോടെ വിവരം കുമ്പള പൊലീസിനു കൈമാറി. ഇതോടെ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ്‌ഐ കെപി ഗണേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആരിക്കാടി ടോള്‍ പ്ലാസക്ക് സമീപം നിലയുറപ്പിച്ചു. പൊലീസ് വാഹനങ്ങളടക്കം നാലോളം വാഹനങ്ങൾ ദേശീയ പാതയുടെ കുറുകെയിട്ടു. പൊലീസ് ഒരുക്കിയ ‘ചക്രവ്യൂഹം ‘ഭേദിക്കാന്‍ കഴിയാതെ വന്നതോടെ ലാലാകബീറും കൂട്ടാളിയായ കാഞ്ഞങ്ങാട്, ആവിക്കരയിലെ മുഹമ്മദ് മിർഷാദും പൊലീസിനു കീഴടങ്ങുകയായിരുന്നു. കാറിനകത്തു പരിശോധിച്ചപ്പോഴാണ് 31 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഒറീസയില്‍ നിന്നു കയറ്റിയ കഞ്ചാവ് കാഞ്ഞങ്ങാട്ടെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നതെന്നാണ് ലാലാ കബീര്‍ പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ അത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മറ്റാര്‍ക്കോ വേണ്ടിയായിരിക്കാം കഞ്ചാവ് കടത്തിക്കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ സംശയം. വിശദമായി ചോദ്യം ചെയ്യുന്നതോടെ കഞ്ചാവ് കടത്ത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page