കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യപ്പാടിയില്‍ കടവരാന്തയില്‍ കിടന്നിരുന്ന പശുവിനെ മോഷ്ടിച്ച് കാറില്‍ കടത്തിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാറും പിടികൂടി. കൂട്ടുപ്രതികളായ മൂന്നു പേര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗ്‌ളൂരു, ജോക്കട്ടയിലെ റാസിഖ്(21), ഉള്ളാള്‍, അളിക്കെയിലെ മുഹമ്മദ് ഇര്‍ബാസ് (26) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്.
ജൂണ്‍ 16ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കന്യപ്പാടി റഹ്‌മത്ത് മന്‍സിലിലെ കെ എം മുഹമ്മദിന്റെ വീടിനു മുന്‍വശത്തുള്ള കടവരാന്തയില്‍ കിടക്കുകയായിരുന്ന പശുവാണ് മോഷണം പോയത്. പിറ്റേ ദിവസം രാവിലെ പശുവിനെ കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പശുവിനെ കാറില്‍ കടത്തികൊണ്ടുപോയതാണെന്നു വ്യക്തമായത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ എ എസ് ഐ പ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്ത്, ശ്രീനേഷ്, ഹരിപ്രസാദ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.







