ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു, തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ
കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബംഗളൂരുവിന് സമീപം എത്തിയതിനാൽ യാത്രക്കാർ കുറവായിരുന്നു. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.
ബസിൽ നിന്ന് പുക ഉയർന്നത് കണ്ട ഉടൻ തന്നെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. കെങ്കേരിയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു.








