കാസര്‍കോട്: കുമ്പള അനന്തപുരം ക്ഷേത്ര രക്ഷാസമിതിയുടെ നേതൃത്വത്തില്‍ ശുദ്ധജലത്തിനും ശുദ്ധ വായുവിനും വേണ്ടി തിങ്കളാഴ്ച ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് നടത്താന്‍ ആഹ്വാനംചെയ്ത മാര്‍ച്ചും ധര്‍ണയും മാറ്റിവെച്ചു. അനന്തപുരത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നും വരുന്ന വിഷപ്പുകയും മലിന ജലവും പരിസരവാസികള്‍ക്കുണ്ടാക്കുന്ന സങ്കീര്‍ണമായ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്മേലാണ് മാര്‍ച്ചും ധര്‍ണ്ണയും മാറ്റിവച്ചതെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാലാണ് നീരുറവയില്‍ കൂടി മലിനജലം കിണറുകളിലും കുളങ്ങളിലും എത്തുന്നതെന്ന് ക്ഷേത്ര രക്ഷാ സമിതി പറഞ്ഞു. ജലം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കു എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് അനന്തപുരം നിവാസികളുടെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിന് വേണ്ടി രൂപീകരിച്ച ക്ഷേത്ര രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാര്‍ച്ച് പ്രഖ്യാപിച്ചത്.ഇക്കാര്യം സമരസമിതി മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയതെന്നു സമരസമിതി ചെയര്‍മാന്‍ രവീശതന്ത്രി കുണ്ടാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എസ് പി ഷാജി, കണ്‍വീനര്‍ സുനില്‍കുമാര്‍, കോഡിനേറ്റര്‍ രാജന്‍ മുളിയാര്‍ അറിയിച്ചു.







