തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ ആയിരം കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഒരാൾ പിടിയിൽ. നെല്ലിമൂട് ചുണ്ടവിളാകം സ്വദേശി പ്രസാദ്(42)ആണ് പിടിയിലായത്. തിരുവനന്തപുരം ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 52 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. വീടിനോട് ചേർന്ന മുറിയിലാണ് 1000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ നിരവധി
ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. സമീപ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായി ശേഖരിച്ചു വച്ചതാണെന്ന് എക്സൈസ് അറിയിച്ചു. പിടിച്ചെടുത്ത ഉത്പന്നങ്ങളുടെ ഉറവിടവും വില്പനയും സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയെന്നും എക്സൈസ് അറിയിച്ചു.








