തെഹ്റാന്‍: മുന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ഭൗതികശരീരം തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ എത്തിച്ചു. ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ ശവമഞ്ചം ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന ഗ്രാന്‍ഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഇറാനിലെ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും പുറത്തുവിട്ടിട്ടുണ്ട്. വിലാപ ചടങ്ങുകളില്‍ പങ്കാളികളാകാനും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനും വന്‍ ജനസാഗരമാണ് ഇവിടെ ഒഴുകിയെത്തുന്നത്.
മൂന്ന് ദിവസം ഗ്രാന്‍ഡ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ നാളെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ആരംഭിക്കും. വിലാപയാത്രയില്‍ വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. 9 ന് ഇറാനിലെ മഷാദില്‍ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കും.
ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അത്താ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റയും ചടങ്ങില്‍ പങ്കെടുക്കും. ഇറാനും അമേരിക്കയും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് ഇറാന്‍ ഭരണകൂടം ഖമനേയിയുടെ അന്ത്യോപചാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേല്‍ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്.









