കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിതയായി ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിനു കീഴടങ്ങി. കാസര്‍കോട്, കല്ലക്കട്ട, ചിത്താരിക്കുന്നിലെ ഷേഖ് ഹസീന(37)യാണ് മരിച്ചത്. ജന്മനാ കിടപ്പിലായിരുന്നു. ബുദ്ധിപരമായി വെല്ലുവിളി നേരിട്ടിരുന്നു. പിന്നീട് അർബുദ രോഗ ബാധിതയായി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹസീനയ്ക്ക് സിനിമാ താരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വീടു കൈമാറിയിരുന്നു.
കരീം- ബള്‍ക്കീസ് ദമ്പതികളുടെ മകളാണ്. സഹോദരന്‍: അഷ്‌റഫ്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയിലെ മൂന്ന് എന്റോസൾഫാൻ ദുരിത ബാധിതരായ മൂന്നു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജന്മനാ കിടപ്പിലായിരുന്ന ചെര്‍ളടുക്കയിലെ ഉദ്ദേശ്, കല്ലൂരാവിയിലെ സാനിയ എന്നിവരാണ് ജീവിതത്തോട് വിട പറഞ്ഞ മറ്റു രണ്ടുപേര്‍.







