കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്ഡിൽ കാറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും ബിയറും പിടികൂടി. കേസിൽ ഒരാൾ പിടിയിലായി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീഞ്ച ബജംഗളയിൽ നടന്ന വാഹനപരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ
ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കുമ്പള എക്സൈസ് സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ 133.92 ലിറ്റർ കർണാടക മദ്യവും 24 ലിറ്റർ ബിയറും കാറിൽ നിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബജ ദുർഗ്ഗിപള്ള സ്വദേശി ഗണേശ് (43) അറസ്റ്റിലായി. തൊണ്ടി മുതലുകൾ കസ്റ്റഡിയിലെടുത്ത് പ്രതിക്കെതിരെ അബ്കാരി കേസെടുത്തു. പ്രതിയേയും, കേസ് രേഖകളും, തൊണ്ടി മുതലുകളും, സാമ്പിൾ കുപ്പിയും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ കെ.വി ശ്രാവൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )എ ബി അബ്ദുള്ള, പ്രിവന്റീവ് ഓഫീസർ മൊയ്‍ദീൻ സാദിക്ക്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ദിനൂപ്, വി എൽ സിനീഷ്, നിഖിൽ പവിത്രൻ, ടി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിജിത്, ക്രിസ്റ്റിൻ എന്നിവരും റൈഡിൽ പങ്കെടുത്തു.







