തളിപ്പറമ്പ്: ചവനപ്പുഴയിൽ മാതാവും മകളും കിണറ്റിൽ ചാടി. മകൾ മരിച്ചു. ഗുരുതര നിലയിൽ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ലക്ഷ്മിയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചിത്രലേഖ മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ്. രാവിലെ മുതൽ ഇരുവരെയും കാണാതായിരുന്നു. ബന്ധുക്കളും അയൽക്കാരും ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. ചിത്രലേഖ മരിച്ചെങ്കിലും ലക്ഷ്മി കിണറ്റിലെ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ലക്ഷ്മിയെ രക്ഷപ്പെടുത്തി. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളെ രക്ഷിക്കാനായി അമ്മ കിണറ്റിൽ ചാടിയതാണെന്നാണ് വിവരം. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.








