കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം കോതമംഗലം സെന്‍റ് വിന്‍സന്‍റ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഹെയ്സ്‌ലെറ്റി (56) ആണ് വിടവാങ്ങിയത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണം. ചൊവ്വ രാവിലെ കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിനു സമീപമാണ് അപകടം. വാതിൽ തുറന്നിട്ട ബസ്സിൽ സഞ്ചരിക്കവേ വളവു തിരിയുമ്പോൾ മുൻവാതിലിലൂടെ റോഡിലേക്കു തലയിടിച്ചു വീഴുകയായിരുന്നു.
അധ്യാപികയായിരുന്ന സിസ്റ്റര്‍ ഹെയ്സ്‌ലെറ്റ് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂള്‍ അധ്യാപികയും ഊന്നുകല്‍ എസ്ഡി കോണ്‍വെന്‍റ് മുന്‍ മദറും ആയിരുന്നു. രാജപുരം പുത്തേത്ത് കുടുംബാംഗമാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ ആറു മുതല്‍ കോഴപ്പിള്ളി എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും. മുരിക്കാശേരി പുത്തേട്ട് ഇഗ്നേഷ്യസിന്റെയും പരേതയായ അന്നമ്മയുടെയും മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ സ്മിത, ലിസി, ജോസ്, ജോർജ്, ബിനോയ്. കന്യാസ്ത്രീ ബസിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ വാഴക്കുളം–കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന റെജിമോൻ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതിൽ അടച്ചിരുന്നില്ല. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ബസിന്റെ പെർമിറ്റ് സസ്പെൻഡ് ശുപാർശ നൽകുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.








