ക്വലാലംപുര്‍: ‘നന്ദനം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായി. സ്വാധി ആര്‍.എസ്. ആണ് വധു. ഏറെ നാളായി പ്രണയത്തിലായിരുന്നു അരവിന്ദും സാധ്വിയും.
മലേഷ്യയിലെ ക്വലാലംപുരില്‍ വെച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 50-ാം വയസ്സിലാണ് അരവിന്ദ് ആകാശ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വര്‍ഷം ആദ്യമായിരുന്നു വിവാഹ നിശ്ചയം.

പഞ്ചാബ് ജലന്ധര്‍ സ്വദേശിയാണ് അരവിന്ദ് ആകാശ്. യഥാര്‍ഥ പേര് എസ്. അരവിന്ദര്‍ സിങ് എന്നാണ്. തമിഴ്നാട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമകളില്‍ സജീവമായത്. പടയപ്പയാണ് ആദ്യ ചിത്രം. അരവിന്ദിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല് 2002-ല്‍ പുറത്തിറങ്ങിയ ‘നന്ദനം’ ആണ്.
ഭഗവാന്‍ ഗുരുവായൂരപ്പന്റെ വേഷമാണ് അരവിന്ദ് കൈകാര്യം ചെയ്തത്. നന്ദനത്തിന് ശേഷവും കൂട്ട്, വജ്രം, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത്, പ്രജാപതി, മമ്മി ആന്‍ഡ് മീ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അരവിന്ദ് വേഷമിട്ടു. അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകനും കൊറിയോഗ്രാഫറുമായ അരവിന്ദ്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ജഡ്ജായും തിളങ്ങിയിട്ടുണ്ട്.









