ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തി; ടെസ്റ്റ് ഡ്രൈവിനിടെ 1.5 ലക്ഷം വിലയുള്ള ബൈക്കുമായി മുങ്ങി, തിരച്ചിൽ

കൊച്ചി: ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയിൽ ഷോറൂമിൽ നിന്ന് ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബൈക്കുമായി സ്ഥലംവിട്ടു. ആലുവ അസീസി കവലയിലെ ‘ഫോർ വീൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ടെസ്റ്റ് റൈഡിനു കൊടുത്ത ബൈക്കുമായി യുവാവ് വേ​ഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വരാതായപ്പോഴാണ് വന്ന ആൾ മോഷ്ടാവാണെന്നു ഷോറൂം ജീവനക്കാർക്ക് മനസ്സിലായത്. വിപണിയിൽ ഒന്നര ലക്ഷ രൂപയിലധികം വിലമതിക്കുന്ന ബജാജ് കമ്പനിയുടെ ‘ഡോമിനാർ’ ബൈക്കാണ് യുവാവ് കബളിപ്പിച്ചു കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരെല്ലാം ഉച്ചഭക്ഷണം കഴിക്കുന്ന തിരക്കിലായ സമയത്താണ് 30വയസ് പ്രായമുള്ള ആൾ ഷോറൂമിൽ എത്തിയത്. ഈ സമയം സ്ഥാപനത്തിലുണ്ടായിരുന്ന പാർട്‌ണറും അശോകപുരം സ്വദേശിയുമായ ഫൈസലാണ് യുവാവിനോട് സംസാരിച്ചത്.
ബൈക്ക് വാങ്ങാനെത്തിയെതെന്ന് പറഞ്ഞതോടെ ഫൈസൽ യുവാവിനെ ബൈക്കുകൾ കാണിച്ചു. പല ബൈക്കുകൾ പരിശോധിച്ച ശേഷം ടെസ്റ്റ് റൈഡിനെന്ന പേരിൽ ഒന്നര ലക്ഷത്തിലേറെ വിലയിട്ടിരുന്ന ബജാജിന്റെ ഡോമിനോർ ബൈക്കിൽ യുവാവ് കയറി ഇരുന്നു. സാധാരണയായി ഷോറൂമിൻ്റെ പാർക്കിംഗ് പരിധിക്കുള്ളിൽ മാത്രമാണ് വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ അനുവദിക്കാറുള്ളത്.
എന്നാൽ, ബൈക്ക് സ്റ്റാർട്ടാക്കിയ ഉടൻ തന്നെ യുവാവ് അതിവേഗത്തിൽ പ്രധാന റോഡിലേക്ക് വണ്ടി ഓടിച്ചു പോവുകയായിരുന്നു. അരമണിക്കൂര്‍ പിന്നിട്ടിട്ടും തിരിച്ച് വരാതിരുന്നതോടെ ബൈക്ക് നമ്പര്‍ സഹിതം ആലുവ പൊലീസിന് പരാതി നല്‍കി. സംഭവത്തിൽ കേസെടുത്ത പൊലീസ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page