ന്യൂഡല്‍ഹി: വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ ആന്തരികാവയവങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തതായി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാ(33)നാണ് മരിച്ചത്. തലച്ചോറും ഹൃദയവും ശ്വാസകോശവുമടക്കമുള്ള അവയവങ്ങള്‍ ഒന്നുമില്ലാത്ത നിലയിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സംഭവത്തില്‍ വന്‍ ദുരൂഹത ആരോപിച്ച് നാവികന്റെ രംഗത്തെത്തി. കഴിഞ്ഞ മെയ് മാസത്തിലാണ് മുംബൈയില്‍ സ്ഥിരതാമസമാക്കിയ രാകേഷ് ചൗഹാന്‍ വെനസ്വേലയില്‍ മരിച്ചത്. തലകറങ്ങി വീണത് പരിക്ക് പറ്റിയെന്നും ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് കമ്പനി കുടുംബത്തെ അറിയിച്ചിരുന്നത്.
മരണം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ കുടുംബം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടര്‍ന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രാകേഷിന്റെ തലച്ചോറ്, ഹൃദയം, കരള്‍, ശ്വാസകോശം, വൃക്കകള്‍, പ്ലീഹ, അണ്ണാക്ക്, പിത്തസഞ്ചി, കുടലുകള്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും നീക്കം ചെയ്തതായി കണ്ടെത്തി. സംഭവത്തില്‍ വെനസ്വേലയിലെ ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെടണമെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണവും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് സീഫെയറേഴ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എഫ്എസ്യുഐ) രംഗത്തെത്തിയിട്ടുണ്ട്.








