കാസര്‍കോട്: രാത്രികാലങ്ങളില്‍ നിരന്തരം വീഡിയോ കോളുകള്‍ വിളിച്ചു വിവാഹ അഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്തതായി പരാതി. അഭ്യർത്ഥന നിരസിച്ച വിരോധത്തില്‍ യുവതിയും കുടുംബവും താമസിക്കുന്ന വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു. ബംബ്രാണ, കിദൂരിലെ 42 കാരി നല്‍കിയ പരാതിയില്‍ ബംബ്രാണയിലെ നരസിംഹ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മതില്‍ തകര്‍ത്തതു കാരണം 10,000 രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയില്‍ പറഞ്ഞു. ഒരു മാസക്കാലമായി പരാതിക്കാരിയെ രാത്രികാലങ്ങളില്‍ വാട്‌സ്ആപ്പ് വീഡിയോ കോള്‍ വിളിക്കുകയും വിവാഹ അഭ്യര്‍ത്ഥന നടത്തുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിരോധത്തിലാണ് അതിക്രമിച്ച് കയറി വീട്ടുമതില്‍ തകര്‍ത്തതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







