ഇരിട്ടി: സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് പിതാവിനും മകനും ദാരുണാന്ത്യം. ഇരിട്ടി-മട്ടന്നൂര്‍ പാതയില്‍ ഉളിയില്‍ കൂരന്‍മുക്കില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. മട്ടന്നൂര്‍ കൊളാരി ഇല്ലത്ത്വളപ്പില്‍ ഹൗസില്‍ പി. വിനോദ്, മകന്‍ ഇ.വി വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ധനലക്ഷ്മി ബസ് ഇടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ റോഡില്‍ തെന്നി സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ബസിന്റെ അടിയില്‍ അകപ്പെട്ടു. നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വൈഷ്ണവിന്റെ പിറന്നാള്‍ ദിനമായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ കൂരന്‍മുക്കില്‍ ബസുകള്‍ തടഞ്ഞു. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് ശരിവെക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.









