ഡോക്ടർമാർ ആതുര സേവകരും ജീവ സ്നേഹികളുമാണെന്ന് ഒരിക്കലെങ്കിലും കരുതാത്തവർ ഉണ്ടാകുമോ ? രോഗികൾ അത്രയ്ക്ക് സ്നേഹിക്കുന്ന കാസർകോട്ടെ അപൂർവം ഡോക്ടർമാരിൽ ഒരാൾ
ഡോ. ബി. നാരായണ നായിക്കാണെന്നു ജനങ്ങൾ വിശ്വസിക്കുന്നു. അസുഖങ്ങളിൽ നിന്ന് രോഗികളെ രക്ഷിക്കാൻ മരുന്ന് കൂടിയേ തീരൂ. അതോടൊപ്പം സ്നേഹപൂർവമായി കിട്ടുന്ന സാന്ത്വനത്തിനും സഹാനുഭൂതിക്കും മരുന്നിനെക്കാൾ വലിയ ഔഷധ ശക്തിയുണ്ടെന്നു ആശ്വസിക്കാത്ത രോഗികളുണ്ടാവില്ല. ആതുരരുടെ മനസ്സിൽ അങ്ങനെയൊരു ഊഷ്മളതയായി ഡോക്ടർ നാരായണ നായിക്ക് തെളിഞ്ഞു നിൽക്കുന്നു.ജീവിതത്തിലെ ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ച അനുഭവ നിക്ഷേപത്തിന്റെയും സമചിത്തതയുടെയും സഹാ നുഭൂതിയുടെ യും നിശ്ചയ ദാർഢ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പരിവർത്തനശക്തിയുടെയും സമൂഹസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും തിളങ്ങുന്ന മാതൃകയാണ്അദ്ദേഹം. രോഗികളും ജനങ്ങളും അദ്ദേഹത്തെ അങ്ങനെ കാണു ന്നു.കാസർകോട് ജില്ലയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ അത്യന്തം ദാരിദ്ര്യത്തിൽ നിന്നാണ് അദ്ദേഹം ഇത്തരത്തിൽ എത്തിയത്. ശിശുരോഗ ചികിത്സാരംഗത്തും സാമൂഹ്യസേവനരംഗത്തും ശ്രദ്ധേയമായ വ്യക്തിമുദ്ര അദ്ദേഹം പതിച്ചു.
കാസർകോട് ജില്ലയിലെ എൻമകജെ പഞ്ചായത്തിലെ യേൽക്കാന ബാലേഗുളിയിൽ സാമ്പത്തികമായി പിന്നാക്കത്തിലായിരു ന്ന ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. എട്ട് മക്കളിൽ ഏഴാമനായിരുന്നു. പിതാവ് പരേതനായ രാമ നായിക് ബാലേഗുളി,ഒരു കർഷക തൊഴിലാളിയായിരുന്നു. മാതാവ് ഔപചാരിക വിദ്യാഭ്യാസമില്ലാത്ത വീട്ടമ്മ . സത്യസന്ധത, കഠിനാധ്വാനം, ആത്മവിശ്വാസം എന്നീ മൂല്യങ്ങൾകുട്ടിക്കാലത്തു മാതാപിതാക്കൾ മക്കളിൽ വളർത്തിയെടുത്തു.
കടുത്ത ദാരിദ്ര്യമായിരുന്നു ബാല്യത്തിന്റെ മുഖമുദ്ര. പല ദിവസങ്ങളിലും കപ്പ, മധുരക്കിഴങ്ങ്, പാലും പഞ്ചസാരയും ഇല്ലാത്ത ചായ എന്നിവ മാത്രമായിരുന്നു ഭക്ഷണം.ബൻപുത്തടുക്ക ശ്രീ ദുർഗാ പരമേശ്വരി എ.യു.പി. സ്കൂൾ, പെർള എസ്.എൻ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1979-ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 600ൽ 512 മാർക്ക് നേടി സ്കൂൾ ടോപ്പറായി. തുടർന്ന് കാസർകോട് ഗവൺമെന്റ് കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി.
സാമ്പത്തിക പരിമിതികൾ മൂലം സഹോദരിമാർക്ക് ഉന്നതവിദ്യാഭ്യാസം നേടാനായില്ല. മൂത്ത സഹോദരന്മാർ കർഷക തൊഴിലാളികളായി കുടുംബത്തെ താങ്ങിനിറുത്തി . മൂത്ത സഹോദരൻ അപ്പണ്ണ നായിക് കുടുംബ-സമുദായ ആചാരങ്ങളുടെ സംരക്ഷകനും രണ്ട് ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. രണ്ടാമത്തെ സഹോദരൻ ഡോ. ബി.ജി. നായിക് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പി.എച്ച്.ഡി. നേടി. അദ്ദേഹത്തിന്റെ സഹായത്താലാണ് ഡോ. നാരായണ നായിക്കും ഇളയ സഹോദരൻ ഡോ. ശിവ നായിക്കും (കേരള വെറ്ററിനറി സർവീസിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ചു) ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കാനായത്.1982-ൽ കേരളത്തിലെ ആദ്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിലൂടെ എം.ബി.ബി.എസ് പ്രവേശനം നേടി. തുടർന്ന് ഡി.സി.എച്ച് (ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത് ) പൂർത്തിയാക്കി ശിശുരോഗ ചികിത്സാരംഗത്ത് ദീർഘകാല സേവനത്തിന് തുടക്കം കുറിച്ചു.
സർക്കാർ മെഡിക്കൽ സർവീസിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് സീനിയർ കൺസൾട്ടന്റ് ശിശുരോഗ വിദഗ്ധനായി വിരമിച്ചു.
ഇപ്പോൾ ചെങ്കള ഇ.കെ. നായനാർ മെമ്മോറിയൽ സഹകരണ ആശുപത്രി കൺസൾട്ടന്റ് ശിശുരോഗ വിദഗ്ധനാണ്.ഉളിയത്തടുക്ക -കെ.എസ്. അബ്ദുള്ള ആശുപത്രി കൺസൾട്ടന്റ് ശിശുരോഗ വിദഗ്ധനാ യും,
എമർജൻസി ലൈഫ് സപ്പോർട്ട് പരിശീലകൻ,
ബേസിക് ലൈഫ് സപ്പോർട്ട് , കാർഡിയോപൾമണറി റീസസിറ്റേഷൻ , ഫസ്റ്റ് എയ്ഡ്, എമർജൻസി ലൈഫ് സപ്പോർട്ട് എന്നിവയിൽ പ്രഗത്ഭനായ പരിശീലകനുമാണ്. ഇതുവരെ 250-ലധികം ഹാൻഡ്സ്-ഓൺ പരിശീലന പരിപാടികൾ നടത്തി. 10,000-ത്തിലധികം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും ജീവൻ രക്ഷാ പരിശീലനം നൽകി.
ഐ.എം.എ. എമർജൻസി ലൈഫ് സപ്പോർട്ട് – നോർത്ത് സോൺ കോ-ഓർഡിനേറ്ററാ ണ്.ഐ.എം.എ. കാസർകോട് ജില്ലാ എമർജൻസി ലൈഫ് സപ്പോർട്ട് കോ-ഓർഡിനേറ്റർആയും പ്രവർത്തിക്കുന്നു.
ആതുര ശുശ്രൂഷ രംഗത്തിനപ്പുറം നിരവധി സാമൂഹിക-സേവന സംഘടനകളിലും അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് , കേരളം മുൻ വൈസ് പ്രസിഡന്റ്, ഐ എ പി കാസർകോട് മുൻ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ്, ജില്ലാ ചെയർമാൻ, കൺവീനർ , കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ്,കാസർകോട് റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. റോട്ടറി പ്രസിഡന്റായിരിക്കെ ₹35 ലക്ഷം ചെലവിൽ കാസർകോട് ജനറൽ ആശുപത്രി ക്കു രക്തശേഖരണ-ഗതാഗത വാഹനം സമർപ്പിച്ചു. അതിൽ ₹10 ലക്ഷം സ്വന്തം പെൻഷൻ തുകയിൽ നിന്ന് സംഭാവനയായി നൽകി- റോട്ടറി പ്രസിഡന്റായിരിക്കെ 450-ലധികം സാമൂഹിക സേവന പദ്ധതികൾ വിജയകരമായി നടപ്പാക്കി.
കോവിഡ് മഹാമാരിക്കാലത്ത് ശ്രദ്ധേയമായ ആരോഗ്യസേവനങ്ങൾ നൽകി.
ഐ.എം.എ.യും ഐ.എ.പി.യും സംസ്ഥാന-ദേശീയ തലങ്ങളിൽ ബെസ്റ്റ് പ്രസിഡന്റ് അവാർഡ് നൽകി ആദരിച്ചു. കെ.ജി.എം.ഒ.എ.യുടെ ബെസ്റ്റ് പ്രസിഡന്റ് അവാർഡ് ലഭിച്ചു.
റോട്ടറി ഡിസ്ട്രിക്ട് 3204-ന്റെ ബെസ്റ്റ് റോട്ടറി പ്രസിഡന്റ് അംഗീകാരം,ഗഡിനാട് കന്നഡ രാജ്യോത്സവ പുരസ്കാരം,
ഐ.എം.എ.യും കാസർകോട് മുനിസിപ്പാലിറ്റിയും നൽകിയ കോവിഡ് വാരിയർ അവാർഡ്എന്നിവയും ഡോക്ടർ നാരായണ നായിക്കിനെ തേടിയെത്തി.
ഡോ. നാരായണ നായിക്കിന്റെ കുടുംബം വൈദ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സേവനരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നു.ഭാര്യ: ഡോ. ജ്യോതി എസ്.(റിട്ട. സീനിയർ ഗൈനക്കോളജിസ്റ്റ് ). പരേതനായ എഞ്ചിനീയർ കൃഷ്ണ നായിക്കിന്റെയും പരേതയായ ലീലാവതിയുടെയും മകളാണ്.മൂത്ത മകൾ: ഡോ. ജ്യോസ്ന ബി.എൻ., എം.ഡി. (സൈക്യാട്രി), ഭർത്താവ് ഡോ. പ്രദീപ് കുമാർ കെ., (റേഡിയോളജിസ്റ്റ്).ഇളയ മകൾ: ഡോ. കാവ്യ ബി.എൻ., എം.എസ്. (പ്രസൂതി തന്ത്ര- ആയുർവേദ ഗൈനക്കോളജി). ഭർത്താവ് ഡോ. രാകേഷ് ജി.എച്ച്., ( മംഗളൂരു കനച്ചൂർ ആയുർവേദ മെഡിക്കൽ കോളേജ്, ഫിസിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ).
ജീവിതത്തിന്റെ സമ്പന്നമായ പൊരുളും അനുഭവവും നിശ്ചയ ദാർഢ്യവും നിതാ ന്തമായ അധ്വാനവുമാണ് പ്രശസ്ത ഡോക്ടർ നാരായണ നായിക്കിനെ രൂപപ്പെടുത്തിയതെന്നു അദ്ദേഹം അഭിമാനത്തോടെ അനുസ്മരിക്കുന്നു.തന്റെ ജീവിതവും അനുഭവങ്ങളും അധ്വാനവും ഒരാൾക്കെങ്കിലും പ്രചോദനമായാൽ അതായിരിക്കും വലിയ സംതൃപ്തി -അദ്ദേഹം ആശിക്കുന്നു.








