കുമ്പള: കാസര്‍കോട് ജില്ലയിലെ പ്രശസ്തമായ കുമ്പള ആരിക്കാടി കോട്ടയെ സാംസ്‌കാരിക പൈതൃക കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. ചരിത്ര രേഖകള്‍ പ്രകാരം 1608-ല്‍ ഇക്കേരി ഹിരിയ വെങ്കടപ്പ നായക് കെട്ടിയതാണ് ആരിക്കാടി കോട്ട. കുമ്പള ടൗണില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെയാണ് ആരിക്കാടി കോട്ട. പുരാവസ്തു വകുപ്പിന് കീഴിലുള്ളതാണ് ഈ കോട്ട.
ഈ കോട്ടയുടെ ചരിത്ര വേരുകള്‍ തേടി കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഗവേഷക സംഘങ്ങള്‍ എത്താറുണ്ടെങ്കിലും ഇവര്‍ക്ക് അടിസ്ഥാന സൗകര്യമില്ലാത്തത് വലിയ പോരായ്മയാണ്. കുമ്പള യക്ഷ ഗാന കുലപതി പാര്‍ഥി സുബയ്യ, കുമ്പള ഗാന്ധി എന്നറിയപ്പെടുന്ന മാധവ പൈ, കായിക ഭൂപടത്തില്‍ രാജ്യത്തിന്റെ കരുത്തുറ്റ ക്രിക്കറ്റ് ഇതിഹാസമായ അനില്‍ കുംബ്ലെ എന്നിവരുടെ പേരിനോടൊപ്പം ലോകത്തെമ്പാടും അറിയപ്പെട്ട ഈ പ്രദേശം തുളു നാടിന്റെ ഹൃദയത്തുടിപ്പാണ്. അതുകൊണ്ടുതന്നെ കോട്ടയെ സാംസ്‌കാരിക കേന്ദ്രമാക്കി ഉയര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ പ്രദേശം കൂടിയാണെന്ന് കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ ആരിക്കാടി കോട്ടയില്‍ സംസ്ഥാന ടൂറിസം വകുപ്പും, പുരാവസ്തു ഗവേഷണ വകുപ്പും ചേര്‍ന്ന് സന്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ 2003 ല്‍ ചെര്‍ക്കളം അ ബ്ദുള്ള മന്ത്രിയായിരിക്കെ ‘കേരളത്തനിമ” പ്രകടിപ്പിക്കുന്ന വിധത്തില്‍ കലാ ഗ്രാമം നിര്‍മ്മിക്കാന്‍ ഒരു ശ്രമം നടന്നിരുന്നു. എന്നാല്‍ ഈ പദ്ധതി പിന്നീട് വെളിച്ചം കാണാതെ പോവുകായായിരുന്നു. ഇപ്പോള്‍ ഈ ചരിത്ര സ്മാരകം കാടുമുടി നാശത്തിന്റെ വക്കിലാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.







