കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ പള്ളിക്കരയിലെ സ്‌കൂള്‍ മൈതാനത്ത് അപകടകരമായ രീതിയില്‍ കാര്‍ റേസിംഗ് നടത്തുന്നത് തടയാന്‍ എത്തിയ എസ്‌ഐയെും പൊലീസുകാരെയും ആക്രമിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു. അഞ്ചുപേര്‍ പിടിയിലായി. റേസിങിന് ഉപയോഗിച്ച കാറുകളും പൊലീസിന്റെ കസ്റ്റഡിയിലാണ്. പി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് സിറാജ്, ഇസ്തിയാഖ് മഹമൂദ്, മുഹമ്മദ് ഖൈസ്, തസ്ലീം എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ബേക്കല്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ പ്രന്‍സ് ജോണ്‍(27), സിപിഒമാരായ അര്‍ജുന്‍(29), കൃഷ്ണനുണ്ണി(39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസുകാരെ സംഘം ചേര്‍ന്ന് അക്രമിച്ചതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗീക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ചീത്തവിളിച്ചതിനും കാര്‍ റേസിങ് നടത്തിയവര്‍ക്കെതിരേ കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് കാര്‍ റേസിങ് അരങ്ങേറിയത്. സ്‌കൂള്‍ വിട്ടു മടങ്ങുന്ന സമയത്ത് അനുമതിയില്ലാതെ മൈതാനത്ത് അപകടമായ രീതിയില്‍ ആറ് കാറുകള്‍ ഉപയോഗിച്ച് റേസിങ് നടത്തുകയായിരുന്നു ഒരു സംഘം ആളുകള്‍.
അമിതവേഗത്തിലും അപകടകരമായ തരത്തിലും റേസിങ് പ്രകടനം കണ്ട നാട്ടുകാരും സ്‌കൂള്‍ അധികൃതരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്ഐ പ്രിന്‍സ് ജോണ്‍ റേസിങ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘത്തിലുണ്ടായിരുന്ന ചിലര്‍ വാക്കേറ്റവും ആക്രമണവും തുടങ്ങി. കയ്യേറ്റം നടത്തി സംഘം ചേര്‍ന്ന് പൊലീസുകാരെ തടഞ്ഞുവച്ചു. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ എംകെ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. റേസിങ് നടത്തിയവരോട് കോംപൗണ്ടിന് പുറത്ത് പോകാന്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍, കാറില്‍ നിന്ന് പുറത്തിറങ്ങിയ ഒരാള്‍ തട്ടിക്കയറികയും പൊലീസുകാരെ തള്ളിയിട്ട് അസഭ്യഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തു. വാക്കേറ്റത്തിനിടെ ഒരാള്‍ എസ്‌ഐ പ്രിന്‍സ് ജോണിന്റെ കയ്യില്‍ താക്കോലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാരായ അര്‍ജുന്‍, കൃഷ്ണനുണ്ണി എന്നിവരെയും സംഘം അക്രമിച്ചു. ഒടുവില്‍ ബലംപ്രയോഗിച്ച് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. പ്രതികളുടെ വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. എട്ടുപേരാണ് കാര്‍ റേസിങില്‍ പെങ്കെടുത്തതെന്നു പൊലീസ് പറഞ്ഞു.








