പി പി ചെറിയാൻ
വിസ്കോൺസിൻ (യു.എസ്.എ): ഒരു വയസുകാരനായ മകനെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ തനിച്ചാക്കിയ ശേഷം അമ്മ പുറത്തുപോയി മൊബൈൽ ഫോണിൽ ടിക്ടോക് കണ്ടുരസിച്ചിരിക്കെ കുഞ്ഞു ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചു. വിസ്കോൺസിലിലാണ് ദാരുണമായ ഈ സംഭവം നടന്നത്.സംഭവത്തിൽ കുട്ടിയുടെ അമ്മ റെബേക്ക അംബ്രോസ് (27), അച്ഛൻ ജേസൺ ക്രിസ്റ്റ്യൻസൺ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളായ മാതാപിതാക്കളെ ജൂലൈ 17-ന് വീണ്ടും കോടതിയിൽ ഹാജരാക്കും. കുഞ്ഞിനെ ബാത്ത് ടബ്ബിലിരുത്തി വെള്ളം തുറന്നുവിട്ട ശേഷം റെബേക്ക പുറത്തുപോയി ഏകദേശം 30 മിനിറ്റോളം സ്നാപ്ചാറ്റും ടിക്ടോകും ഉപയോഗിച്ചു. തിരികെ വന്നപ്പോൾ ടബ്ബിലെ വെള്ളം കവിഞ്ഞൊഴുകുന്ന നിലയിലും കുഞ്ഞ് ശ്വാസമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു. ഈ സമയമത്രയും കുട്ടിയുടെ അച്ഛൻ ജേസൺ വീട്ടിൽ ഉറക്കത്തിലായിരുന്നു.കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെബേക്കയ്ക്കെതിരെ കുട്ടികളോടുള്ള ക്രൂരതയ്ക്കും മരണത്തിന് കാരണമായ അനാസ്ഥയ്ക്കും കേസെടുത്തിട്ടുണ്ട്. ജേസണെതിരെയും ശിശു സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേസുണ്ട്.ഇവരുടെ വീട് അത്യന്തം ദയനീയവും വൃത്തിഹീനവുമായ അവസ്ഥയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചീഞ്ഞഴുകിയ ഭക്ഷണങ്ങളും, ഉപയോഗിച്ച ഡയപ്പറുകളും, ഫ്രിഡ്ജിനുള്ളിൽ നിറച്ചിരുന്നതായി പോലീസ് പറഞ്ഞു.








