കാസര്‍കോട്: വധശ്രമത്തിന് കേസെടുത്തതോടെ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയും സംഘവും കര്‍ണാടകയിലേക്ക് കടന്നതായി സൂചന. ഇതേ തുടര്‍ന്ന് പൊലീസ് കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പള്ളിക്കര സ്വദേശി അബ്ദുള്‍ അഹദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസിലെ കൂട്ടാളികളായ റാഷിദ്, അഷ്റഫ് എന്നിവരും ഒളിവിലാണ്. പള്ളിക്കരയിലെ അഹാദിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഖാദര്‍ കരിപ്പൊടിക്കെതിരെ കേസ് എടുത്തത്. ഗള്‍ഫിലെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുള്‍ അഹാദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ടു ഇടിച്ചും, പേനാ കത്തി കൊണ്ടുകുത്തിയും പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. അക്രമത്തില്‍ സാരമായി പരിക്കേറ്റ അഹാദ് കാസര്‍കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ അബ്ദുല്‍ അഹദിനെ ഖാദറും സംഘവും മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസിനെ ആക്രമിച്ചതിന് വിദ്യാനഗര്‍, ബദിയടുക്ക സ്റ്റേഷനുകളില്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ കേസുകളുണ്ട്.
പൊലീസിനെ ആക്രമിക്കല്‍, മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കല്‍ ഉള്‍പ്പെടെ ഏഴ് കേസുകള്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെയുണ്ട്.








