ചെന്നൈ: ഭാര്യയ്ക്ക് ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ ശമ്പളവും വരുമാനവും ഉണ്ടെങ്കില്‍ കോടതികള്‍ ജീവനാംശം അനുവദിക്കാന്‍ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
ജീവനാംശം അനുവദിക്കുമ്പോള്‍ സ്ത്രീയാണെന്ന ഒറ്റ കാരണത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാകില്ല. ഇരുകക്ഷികളുടെയും സാമ്പത്തിക സാഹചര്യം, വരുമാനം, ജീവിതനിലവാരം എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഗോണികൊപ്പ സ്വദേശിയായ 37-കാരന്‍
സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഡോ. ചില്ലാകൂര്‍ സുമലതയാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയ്ക്ക് പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നല്‍കാന്‍ മൈസൂരുവിലെ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ ഭാര്യയുടെ വരുമാനം ഭര്‍ത്താവിനേക്കാള്‍ കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന്റെ ജീവിതനിലവാരത്തിനനുസരിച്ച് ജീവിക്കാന്‍ ഭാര്യയ്ക്ക് മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലെന്ന് തെളിയിക്കപ്പെടുമ്പോള്‍ മാത്രമാണ് കോടതികള്‍ ജീവനാംശം അനുവദിക്കേണ്ടത്.
പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനമുള്ള ഭാര്യയ്ക്ക് സ്വന്തമായി ജീവിക്കാന്‍ സാധിക്കും. അതിനാല്‍, പ്രതിമാസം 60,646 രൂപ മാത്രം വരുമാനമുള്ള ഭര്‍ത്താവ് തന്റെ ശമ്പളത്തില്‍ നിന്ന് 20,000 രൂപ വീതം ഭാര്യയ്ക്ക് നല്‍കണമെന്ന് വിചാരണ കോടതി ഉത്തരവിടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹ ആവശ്യങ്ങള്‍ക്കായി വാങ്ങിയ കടങ്ങള്‍ വീട്ടാനുള്ളതിനാലാണ് ഇടക്കാല ജീവനാംശം ആവശ്യപ്പെട്ടതെന്നായിരുന്നു ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ കടം വാങ്ങിയതിന്റെയോ തിരിച്ചടയ്ക്കാനുള്ള തുകയുടെയോ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ ഭാര്യ വ്യക്തമാക്കിയിട്ടില്ലെന്ന് ഇരുപക്ഷത്തിന്റെയും വരുമാന-ആസ്തി വിവരങ്ങള്‍ പരിശോധിച്ച ഹൈക്കോടതി ചൂണ്ടിക്കാട്ടി.








