കാസർകോട്: കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി – കാൻഫെഡിൻ്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സംസ്ഥാന അവാർഡിന് ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അർഹനായി. നീലേശ്വരം സ്വദേശിയാണ്.
തിരുവനന്തപുരത്ത് വെച്ച് നടന്ന കാൻഫെഡ് സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം മേധാവിയാണ്. അസോസിയേറ്റ് എൻ.സി.സി.ഓഫീസർ, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി, ആൻ്റി നർക്കോട്ടിക്സ് സെൽ ഡയറക്ടർ, കോളേജ് പൊട്ടക്ഷൻ ഗ്രൂപ്പ് കോ-ഓർഡിനേറ്റർ, വിജിലൻസ് കമ്മിറ്റി കൺവീനർ, എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി പ്രസിഡണ്ട്, ടൂറിസം ക്ലബ്ബ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ചരിത്രധ്യാപകനെന്ന നിലയിൽ നൂറിലധികം മഹാശിലാസ്മാരകങ്ങളും നവീന ശിലായുഗ ശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സെമിനാറുകൾ ഉൾപ്പെടെ അമ്പതിലധികം സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നൂറിലധികം ലേഖനങ്ങൾ ദേശീയ-അന്തർ ദേശീയ ജേർണലുകളിലും പ്രാദേശിക സോവനീയറുകളിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചിറക്കൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക പി.പി.പ്രിയയാണ് ഭാര്യ. എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി മോഹിത് നന്ദൻ, നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി മിലൻ നന്ദൻ എന്നിവർ മക്കളാണ്.







