കോഴിക്കോട്: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായി തുടരുന്നതിനിടെ, ആഡംബര ഹോട്ടലുകള്‍ വാടകയ്ക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേരെ കോഴിക്കോട്ട് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ റിഷാബ്, നന്മണ്ട സ്വദേശിയായ അനന്ദു, പുതിയാപ്പ സ്വദേശിയായ കീര്‍ത്തന എന്നിവരാണ് പിടിയിലായത്. ജൂണ്‍ എട്ടിന് കോഴിക്കോട് നടക്കാവില്‍ പൊലീസിനെ കണ്ട് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടവരാണ് ഇവര്‍. അന്ന്
പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ പൊലീസ് ശ്രമം നടത്തി വരികയായിരുന്നു. നടക്കാവ്, കുന്നംകുളം പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ നിന്ന് ഇവരെ പിടികൂടിയത്. പൊലീസിന്റെ അന്വേഷണത്തില്‍, ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് അവിടെ താമസിച്ചുകൊണ്ടാണ് സംഘം എംഡിഎംഎയുടെ വില്‍പ്പനയും വിതരണവും നടത്തിയിരുന്നതെന്ന് കണ്ടെത്തി. കീര്‍ത്തനയാണ് മുറിയിലേക്ക് യുവാക്കളെ വിളിച്ചുവരുത്തുന്നത്. മുറിയില്‍ വച്ച് മയക്കുമരുന്ന് ഇടപാട് നടത്തുകയാണ് പതിവ്. പ്രതികളില്‍ നിന്ന് എംഡിഎംഎയും ലഹരി ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ഉപയോഗിച്ചിരുന്ന മറ്റ് തെളിവുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് എം.ഡി.എം.എ കേസില്‍ പ്രതിയാണ് അനന്തു. യുവതിയെ ഥാര്‍ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസും ഇയാള്‍ക്കെതിരെ ഉണ്ട്.
പ്രതികള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലഹരി ശൃംഖലയുമായി ബന്ധമുണ്ടോയെന്നും, കൂടുതല്‍ പേര്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണമുണ്ടെന്ന് പൊലീസ് അറിയിച്ചു.








