മംഗളൂരു: കടലില്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരമാലയില്‍പെട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറു മല്‍സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മംഗളൂരുവിനടുത്തുള്ള സൂറത്ത്കല്‍ തീരത്ത് നിന്ന് ഏകദേശം 33 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. മഞ്ചുമാതാ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ശക്തമായ തിരമാലകളില്‍പെട്ട് ബോട്ട് മറിയുകയും വെള്ളം കയറി മുങ്ങുകയുമായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ കോസ്റ്റുഗാര്‍ഡിനെയും പൊലീസിനെയും വിവരമറിയിച്ചു. ഏകദേശം 90 മിനുട്ടുകള്‍ക്കകം തന്നെ കോസ്റ്റ്ഗാര്‍ഡ് സച്ചേത് എന്ന കപ്പലുമായി സംഭവ സ്ഥലത്ത് എത്തി. ഇരുട്ടും കടല്‍ക്ഷോഭവും ശക്തമായ കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി. കടലില്‍ ഇറങ്ങാന്‍ പറ്റാത്തിനാല്‍ റിമോര്‍ട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലൈഫ് ബോയ്കള്‍ അയച്ച് തകര്‍ന്ന ബോട്ടില്‍ കിടക്കുന്ന മുഴുവന്‍ മല്‍സ്യത്തൊഴിലാളികളെയും കപ്പലിനടുത്തെത്തിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ രക്ഷാപ്രവര്‍ത്തനം നീണ്ടു. അപകടത്തില്‍പെട്ടവരെ യാതൊരു പരിക്കുകളുമില്ലാതെ രക്ഷപ്പെടുത്തി കപ്പലിലേക്ക് കയറ്റി. പിന്നീട് മംഗളൂരു തീരത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.








