കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നടിയും താരസംഘടനയായ ‘അമ്മ’ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഈ പരാതിയില്‍ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ നിലപാട്. അന്‍സിബയുടെ ഹര്‍ജിയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അന്‍സിബ പൊലീസിനും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്ന് പ്രാഥമിക പരിശോധന നടത്തിയ പൊലീസ് അന്‍സിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ‘അമ്മ’ മുന്‍ പ്രസിഡന്റ് ശ്വേത മേനോന്‍, എക്‌സിക്യൂട്ടീവ് അംഗം നീന കുറുപ്പ് എന്നിവരുടെയും മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. അന്‍സിബയെ ടിനി ടോം നേരിട്ട് വിളിച്ചതല്ല എന്നും മറ്റൊരാള്‍ മുഖേന അറിഞ്ഞതാണ് എന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ കേസെടുക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ പൊലീസ് എത്തിയിരുന്നു. ഇതേ പൊലീസ് ആണ് കേസ് അന്വേഷിക്കുക എങ്കിലും തുടര്‍ നടപടികള്‍ക്ക് അന്‍സിബക്ക് മുമ്പില്‍ പുതിയ വഴി തെളിയുന്നു എന്നതാണ് പ്രധാനം എന്ന് അവരുടെ അഭിഭാഷഖന്‍ ഫിര്‍ദൗസ് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായി എന്ന് അന്‍സിബയുടെ അഭിഭാഷകന്‍ പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യാതെയാണ്
സാക്ഷികളെയും പ്രതിസ്ഥാനത്തുള്ള വ്യക്തിയെയും പരാതിക്കാരിയെയും വിളിപ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തത്. ഇത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും അന്‍സിബയുടെ അഭിഭാഷകന്‍ ചോദിച്ചു. നിരന്തരം പരാതി കൊടുക്കുന്ന വ്യക്തിയായി അന്‍സിബയെ ചിത്രീകരിക്കരുത് എന്ന് കരുതിയാണ് കടവന്ത്ര എസ്എച്ച്ഒക്കെതിരെ പരാതി നല്‍കാത്തത് എന്നും അദ്ദേഹം വിശദീകരിച്ചു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കടവന്ത്ര പൊലീസ് ഉടന്‍ തന്നെ കേസെടുത്ത് അന്വേഷണ നടപടികളിലേക്ക് കടക്കും.








