പി പി ചെറിയാൻ
ജാക്സൺവില്ലെ (ടെക്സസ്): അഞ്ച് വയസ്സുകാരനായ കസിൻറെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിനൽകി പതിനഞ്ചുകാരൻ. കിഴക്കൻ ടെക്സസിലെ ജാക്സൺവില്ലെ തടാകത്തിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ദരുണ സംഭവം. റസ്ക് ഹൈസ്കൂളിലെ വിദ്യാർത്ഥിയും ഫുട്ബോൾ താരവുമായ റിലിൻ മയേഴ്സ് ആണ് മരണപ്പെട്ടത്.
തടാകത്തിലെ ക്യാമ്പ് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ, റിലിന്റെ 5 വയസ്സുകാരനായ കസിൻ ഇൻഫ്ലേറ്റബിൾ ഫ്ലോട്ട് ഉപയോഗിച്ച് തടാകത്തിന്റെ ആഴമേറിയ ഭാഗത്തേക്ക് ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പ് റിലിൻ സഹായത്തിനായി 911-ൽ വിളിച്ച് വിവരമറിയിച്ചിരുന്നു.
തുടർന്ന് തടാകത്തിലേക്ക് ചാടിയ റിലിൻ കുട്ടിയെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. എന്നാൽ ഇതിനിടയിൽ ഒഴുക്കിൽപ്പെട്ട റിലിൻ സഹായത്തിനായി നിലവിളിച്ചുകൊണ്ട് വെള്ളത്തിനടിയിലേക്ക് താണുപോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു ബോട്ട് യാത്രക്കാരൻ റിലിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടിസം ബാധിതനായ തന്റെ കുഞ്ഞു കസിനെ രക്ഷിക്കാനാണ് റിലിൻ ജീവൻ വെടിഞ്ഞതെന്ന് കുട്ടിയുടെ മുത്തശ്ശൻ പറഞ്ഞു. സ്കൂളിൽ എപ്പോഴും ദുർബലരായ കുട്ടികൾക്ക് വേണ്ടി നിലകൊണ്ടിരുന്ന റിലിൻ യഥാർത്ഥ നായകനായിട്ടാണ് മടങ്ങിയതെന്ന് അധ്യാപകരും സഹപാഠികളും അനുസ്മരിച്ചു.








