കാസര്‍കോട്: പടന്നക്കാട് കുറുന്തൂര്‍ ചേണുങ്കാല്‍ റോഡില്‍ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കുറുന്തൂര്‍ സ്വദേശികളായ അബ്ദുല്‍ സഫ്വാന്‍(29), മുഹമ്മദ് ആഷിഖ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറില്‍ എംഡിഎംഎ കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും ഹൊസ്ദുര്‍ഗ് പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടയിലാണ് മയക്കുമരുന്ന് പിടിയിലായത്. സ്വിഫ്റ്റ് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ വാഹനത്തിനുളളില്‍ നിന്നും 12.75 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എസ്.ഐ സി.വി. പ്രേമന്റെയും ഡാന്‍സാഫ് എസ്.ഐ. സനീശന്റെയും നേതൃത്വലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.







