കാസർകോട്: യുട്യൂബർ ഖാദർ കരിപ്പൊടി പരാതിക്കാരനായ അഹാദിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഖാദര്‍ കരിപ്പൊടിയും സംഘവും ചേർന്ന് പളളിക്കര സ്വദേശിയായ അബ്ദുള്‍ അഹാദിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാസർകോട് ടൗൺ പൊലീസ് കേസെടുത്തതിന് പിന്നാലെ ഖാദര്‍ കരിപ്പൊടി ഇപ്പോൾ ഒളിവിലാണ്. കരിപ്പൊടി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സാമ്പത്തിക ഇടപാടിനെച്ചൊല്ലി അബ്ദുൾ അഹാദിനെ ഖാദർ കരിപ്പൊടിയും സംഘവും ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.
ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് അബ്ദുൾ അഹാദിനെ ഖാദർ കരിപ്പൊടിയും സുഹൃത്തുക്കളും അക്രമിച്ചത്. പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. അഹാദിന്റെ മുഖത്തും കൈകാലുകൾക്കുമാണ് പരിക്കേറ്റത്. മർദനമേറ്റ അഹാദ് കാസർകോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കാസർകോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഖാദർ കരിപ്പൊടിക്കെതിരേ പത്തോളം കേസുകൾ ഉണ്ടെന്നു പൊലീസ് പറയുന്നു.







