കാസര്‍കോട് എം എല്‍ എ നിയമസഭയില്‍ ശബ്ദമുയര്‍ത്തിയത് വാര്‍ത്തയായിരുന്നു. എന്തിനായിരുന്നു അതെന്നറിയുമ്പോഴേ ശബ്ദമുയര്‍ത്തിയതിന്റെ കാരണം ജനങ്ങള്‍ക്കു ബോധ്യപ്പെടൂ.
സര്‍ക്കാരിനോട് പ്രതിഷേധിക്കാനല്ല, ആവശ്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കാനായിരുന്നു അത്. സഭയിലുള്ളവര്‍ അതു കേള്‍ക്കാതെ പോകരുതല്ലോ.
കാസര്‍കോട് ജില്ലയിലെ ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ പരിമിതമാണ്. ജില്ലയിലെ പ്രധാന പ്രശ്‌നമാണത്. ചെറിയൊരു രോഗം ബാധിച്ചാല്‍ പോലും അടുത്ത സംസ്ഥാനത്തേയ്ക്ക് പോകേണ്ടിവരുന്നു. അതിന് ചെലവ് ഏറും. സര്‍ക്കാരുടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജ് നമ്മുടെ ജില്ലയിലും ഉണ്ടായിരുന്നെങ്കില്‍! എയിംസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്- നമ്മുടെ ചിരകാലാഭിലാഷമാണ്. എത്രയോ കാലമായി നാം മുറവിളി കൂട്ടുന്നു. കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ല. അതുകൊണ്ടായിരിക്കണം നമ്മുടെ എം എല്‍ എ ശബ്ദമുയര്‍ത്തിപ്പറഞ്ഞത്.
പതിനഞ്ച് കൊല്ലം മുമ്പത്തെ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ പറഞ്ഞത് ഓര്‍മ്മിപ്പിക്കട്ടെ കാസര്‍കോട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചു എങ്കിലും അത് കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് കിഴിലോ, സംസ്ഥാന സര്‍ക്കാരിന് കീഴിലോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇനി ചര്‍ച്ചയിലൂടെ തീരുമാനിക്കും. കേന്ദ്ര സര്‍വ്വകലാശാലയുടെ ആസ്ഥാനം കാസര്‍കോട്ടായിരിക്കുമെന്നു കരുതി ഇരിക്കുന്നതിനാല്‍ അതിനു കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജ് പത്തനംതിട്ട ജില്ലയിലേയ്ക്ക് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ബജറ്റില്‍ പത്തനംതിട്ടയ്ക്കും കാസര്‍കോടിനും മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിട്ടുണ്ട്. അപ്പോള്‍ ഏതാകും കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് കീഴില്‍ വരിക എന്നറിയാന്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നു. മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി 200 കോടി രൂപയുടെ പ്രൊജക്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു- ഗവേഷണ സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ കോളേജ്.
എന്നാല്‍ 11-ാം പഞ്ചവല്‍സര പദ്ധതിയില്‍ ഫണ്ട് തീര്‍ന്നതിനാല്‍ അത് തുടങ്ങാന്‍ സാധിക്കാതെ വന്നു. മറ്റ് വകുപ്പുകളില്‍ നിന്നും ഇതിലേയ്ക്ക് തുക മാറ്റാന്‍ കഴിയും എന്ന പ്രതീക്ഷയുണ്ട്. അത് എന്തെങ്കിലും കാരണവശാല്‍ സാധിക്കാതെ വന്നാല്‍, പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ തുടങ്ങാം. ഇതിനിടയിലാണ് സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. ഇപ്പോള്‍ കേന്ദ്രത്തില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തിയാലേ അനുവദിക്കാനുള്ള സാധ്യതയുള്ളൂ.(മാതൃഭൂമി 07-10-2011).
സാമ്പത്തിക പരിമിതിയാണ് എന്തിനും പ്രതിബന്ധമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. തൊട്ടടുത്ത ദിവസം ധനകാര്യമന്ത്രി കെ എം മാണി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം, റിട്ടയര്‍ ചെയ്തവര്‍ക്ക് പെന്‍ഷന്‍, സര്‍ക്കാര്‍ കടമെടുത്ത തുകയ്ക്ക് നല്‍കേണ്ട പലിശ- ഈ മൂന്ന് വകകളിലുമായി ചെലവാകുന്നത്, റവന്യൂ വരുമാനത്തിന്റെ അറുപത്തേഴ് ശതമാനത്തിലധികം വരുന്നതുക. അപ്പോള്‍, ബാക്കിയുള്ള 33 ശതമാനം കൊണ്ടുവേണം എല്ലാ ചെലവുകളും നിര്‍വ്വഹിക്കാന്‍. (ഒരു കാര്യം മന്ത്രിയുടെ കണക്കിലില്ല. മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും അവരവരുടെയെല്ലാം പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെയും ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ വകകളില്‍ ചെലവാകുന്നത് എത്ര എന്ന്).
ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞത്: ആറ് മെഡിക്കല്‍ കോളേജുകള്‍ക്കായി നൂറ് കോടി രൂപ വകയിരുത്തുന്നു. ഇതില്‍ നാല് മെഡിക്കല്‍ കോളേജുകളുടെ നവീകരണച്ചെലവ്. ബാക്കി രണ്ട് മെഡിക്കല്‍ കോളേജുകള്‍ പുതിയവ- എല്ലാറ്റിനും കൂടി വകയിരുത്തിയത് നൂറ് കോടി രൂപ. ഇത് കൊണ്ട് എന്താകാന്‍ കഴിയും എന്ന് ചിന്തിക്കുക.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചത്. 2013 നവമ്പര്‍ 30ന് ശിലാസ്ഥാപനം. ഉത്സവാന്തരീക്ഷത്തില്‍ എന്ന പതിവ് പ്രയോഗം പോരാ, ഉത്സവമായിത്തന്നെ തുടക്കം കുറിച്ചു. കാസര്‍കോട് ടൗണില്‍ നിന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എം എല്‍ എമാരും പാര്‍ട്ടി പ്രമുഖരും ഉക്കിനടുക്കയിലേയ്ക്ക് പുറപ്പെട്ടു. വഴി നീളെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ബഹുജനങ്ങള്‍ തടിച്ചു കൂടി.
നിര്‍ദ്ദിഷ്ട സ്ഥലത്ത് മുഖ്യമന്ത്രി എത്തി. നേരത്തേ തയ്യാറാക്കിവെച്ച കല്ലില്‍ മുഖ്യമന്ത്രി വിരല്‍ സ്പര്‍ശിച്ചു. ശിലാസ്ഥാപനം നിര്‍വ്വഹിക്കപ്പെട്ടു. പിന്നെ പ്രസംഗം മെഡിക്കല്‍ കോളേജ് കെട്ടിടം പണിപൂര്‍ത്തിയാക്കി, 2015ല്‍ ആദ്യ ബാച്ച് തുടങ്ങും, കൂടെ തന്നെ ആശുപത്രിയും. ആദ്യ ഘട്ടത്തില്‍ 300 ബെഡ്ഡുകളുണ്ടായിരിക്കും. അഞ്ഞൂറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അദ്ദേഹം അറിയിച്ചു. ശ്രോതാക്കള്‍ കൈയടിച്ചു. പിന്നാലെ ആശംസാപ്രസംഗങ്ങള്‍.
ശിലാസ്ഥാപനം നടന്ന് എട്ടാം മാസത്തില്‍ (2014 ജുലൈ 18 വാര്‍ത്ത) അങ്ങോട്ടുള്ള റോഡ് പാടേ തകര്‍ന്നു. 96.77 ലക്ഷം രൂപ ചെലവില്‍ പണിതൊരുക്കിയ, അരകിലോമീറ്റര്‍ റോഡ് ആദ്യമഴയ്ക്ക് ഒലിച്ചു പോയി.
മുഖ്യമന്ത്രി ശിലയിട്ട കെട്ടിടം, 2015ല്‍ ക്ലാസ് തുടങ്ങാന്‍ പാകത്തില്‍ പൂര്‍ത്തീകരിക്കും എന്ന് പ്രഖ്യാപിച്ചത്- എത്രത്തോളമെത്തി എന്ന് തദ്ദേശവാസികള്‍ക്കറിയാം.
മുന്‍കാല അനുഭവങ്ങള്‍ മുമ്പിലുള്ള സ്ഥിതിക്ക് ഇപ്പോഴത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എങ്ങനെ സാക്ഷാല്‍ക്കരിക്കപ്പെടും എന്ന് കാണാം.
ഒരു കാര്യം കൂടി: ആറ് മെഡിക്കല്‍ കോളേജുകള്‍- 100 കോടി രൂപ ചെലവില്‍- നാലെണ്ണത്തിന്റെ നവീകരണം. രണ്ടെണ്ണം പുതിയത്.
പഴങ്കഥയിലെ കാക്ക ദാഹം തീര്‍ത്തത് പോലെ. കഥ ഇങ്ങനെ: കൊടുംവേനലില്‍, തൊണ്ട നനയ്ക്കാന്‍ അല്‍പ്പം വെള്ളം കിട്ടുമോ എന്ന് അന്വേഷിച്ച് കാക്ക പറക്കുന്നു. ഒരിടത്ത് ഒരു കുടത്തില്‍ അല്‍പ്പം വെള്ളം കണ്ടു. കുടത്തിന്റെ വാവട്ടം നന്നെ കുറവ്. കാക്കയ്ക്ക് ഒരു ഉപായം തോന്നി. കുറേ ചെറുകല്ലുകള്‍ കൊത്തിക്കൊണ്ടുവന്ന് ഒന്നൊന്നായി കുടത്തിലിട്ടു. വെള്ളം പൊങ്ങിപൊങ്ങി വന്നു. ദാഹം തീര്‍ക്കാന്‍ വെള്ളം കിട്ടി.
മന്ത്രിമാര്‍ വാഗ്ദാനം നല്‍കും. പ്രഖ്യാപനം നടത്തും. കെട്ടിട നിര്‍മ്മാണത്തിന് കല്ലിടും. കല്ലിന്മേല്‍ കല്ല്? അത് എപ്പോള്‍?
ശിലാവര്‍ഷം പിന്നെ?








