കാസർകോട്: മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരവേ എൻജിൻ തകരാറിലായി മത്സ്യബന്ധന വള്ളത്തിൽ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ഉപ്പള മുസോഡിയിൽനിന്ന് മത്സ്യബന്ധത്തിന് പോയ തൊഴിലാളികളാണ് നടുക്കടലിൽ പെട്ടത്. മുസോഡി സ്വദേശി വിക്രമന്റെ ഉടമസ്ഥതയിലുള്ള ഗുത്തിയമ്മ ഭഗവതി എന്ന ചെറിയ എൻജിൻ ഘടിപ്പിച്ച വള്ളം മഞ്ചേശ്വരം കടലിൽ നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ വച്ച് തകരാറിലാവുകയായിരുന്നു. കടൽക്ഷോഭവും ശക്തമായ തിരമാലയും കാരണം വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേ തുടർന്ന് തൊഴിലാളികൾ കോസൽ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ഉച്ചയോടെ കുമ്പള കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ടീമുകളും ഫിഷറീസ് ബോട്ടിൽ സംഭവസ്ഥലത്ത് എത്തി. വള്ളത്തിൽ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി മുസോഡി കടൽത്തീരത്ത് എത്തിച്ചു. കെട്ടി വലിച്ച് വള്ളവും കരക്കെത്തിച്ചിരുന്നു.







