മൊഗ്രാൽ: റാഗിംങ്ങിന്റെ പേരിലുള്ള ക്രൂരതകൾക്കെതിരെ മൊഗ്രാൽ ദേശീയവേദി
ബോധവൽക്കരണം ആരംഭിക്കുന്നു.
റാഗിങ്ങിന്റെ പേരിൽ ശാരീരികവും, മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന വിദ്യാർത്ഥികൾ പിന്നീട് പഠനത്തിൽ താൽപര്യമില്ലാതെ മാനസികമായി തളർന്ന് പകുതി വഴിയിൽ പഠനം ഉപേക്ഷിക്കുന്നത് നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണെന്നു ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കേരളത്തിൽ അടുത്ത കാലത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുമുണ്ട്. പലപ്പോഴും ആദ്യവർഷത്തെ വിദ്യാർത്ഥികളാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. ഇപ്പോൾ എസ്എസ്എൽസി തലം തൊട്ട് തന്നെ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് തടയുന്നതിന് കർശന നിയമങ്ങൾ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. റാഗിങ്ങിന് ഇരയായി 2024 ഫെബ്രുവരി 18ന് ആത്മഹത്യ ചെയ്യേണ്ടി വന്ന വയനാട് പൂക്കോട്ട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥന്റെ പേരിലാണ് റാഗിംഗ് വിരുദ്ധനിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ആൾക്കൂട്ട വിചാരണ നടത്തിയും,മനുഷ്യത്വം മറന്നും,മർദ്ദിച്ചും അങ്ങേയറ്റം അപമാനിച്ചാണ് ആ യുവാവിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ മരണത്തിലേക്ക് തള്ളിയിട്ടത്. ഇത്തരത്തിലുള്ള ക്രൂരതകൾ ക്യാമ്പസുകളിൽ ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയുള്ള ജില്ലാതല ബോധവൽക്കരണ പരിപാടിക്കാണ് മൊഗ്രാൽ ദേശീയവേദി ഒരുങ്ങുന്നത്.
ജില്ലയിൽ ഈ വർഷം തുടക്കത്തിൽ തന്നെ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്കൂളുകളിലാണ് തുടക്കം എന്ന നിലയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്ക് ആഗസ്ത് ആദ്യവാരം തുടക്കമാവുമെന്ന് മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ,ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് അറിയിച്ചു.







