മംഗ്‌ളൂരു: പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും കൊള്ളയടിച്ചു. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ നാലു മണിയോടെ മംഗ്‌ളൂരു, പണമ്പൂര്‍, ബൈക്കംപാടി ദേശീയ പാതയിലാണ് സംഭവം. പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയായ വികാസും കുടുംബവും ആണ് കൊള്ളയ്ക്കിരയായത്. മഹാരാഷ്ട്രയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹ പരിപാടിയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു വികാസും ഭാര്യയും മകനും അടങ്ങുന്ന കുടുംബം.
ബൈക്കംപാടി ജംഗ്ഷനില്‍ എത്തിയപ്പോള്‍ രണ്ട് ഇന്നോവ കാറുകളിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം വികാസും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പണമ്പൂര്‍ പൊലീസ് കേസെടുത്തു. കൊള്ള സംഘം എത്തിയത് കേരള രജിസ്‌ട്രേഷനിലുള്ള കാറുകളിലാണെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.
സമാന രീതിയിലുള്ള മറ്റൊരു കൊള്ള ജൂണ്‍ ഒന്നിന് പയ്യന്നൂര്‍, വെള്ളൂരിലും ഉണ്ടായിരുന്നു. തലശ്ശേരിയിലെ സ്വര്‍ണ്ണ വ്യാപാരി കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു കൊള്ള. പ്രസ്തുത സംഭവത്തില്‍ 25 ഗ്രാം സ്വര്‍ണ്ണവും 55 ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. കേസില്‍ കീച്ചേരി, പാറക്കടവ്, സ്വദേശി സനു സന്തോഷ് അറസ്റ്റിലായിരുന്നു. മറ്റു പ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇതിനിടയിലാണ് സമാനമായ മറ്റൊരു കൊള്ളക്കേസ് ബൈക്കംപാടിയില്‍ നടന്നത്.







