കാസര്‍കോട്: കുമ്പള നാരായണമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. നാരായണമംഗലം ചീരുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കെ ബിനീഷ്(29) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് നടത്തിയ പട്രോളിങിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. പുലര്‍ച്ചെ ഒരുമണിയോടെ നാരായണമംഗലം മൈല്‍കുറ്റിയില്‍ റോഡരികില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്നു യുവാവ്. പൊലീസ് വാഹനത്തെ കണ്ട യുവാവ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. ബൈക്ക് തടഞ്ഞുവച്ച് പൊലീസ് ചോദ്യം ചെയ്തതോപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് യുവാവ് നല്‍കിയത്. സംശയം തോന്നിയ പൊലീസ് ദേഹപരിശോധന നടത്തി. പരിശോധനയില്‍ യുവാവിന്റെ മൊബൈല്‍ കവറില്‍ നിന്ന് 0.92 ഗ്രാം എംഡിഎംഎ കണ്ടെത്തി. വില്‍ക്കാനായി എത്തിച്ചതാണ് ഇതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കുമ്പള എസ് ഐ കെപി ഗണേശന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രശാന്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയേഷ്, ജാബിര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി റെയ്ഡ് നടത്തിയത്. പ്രതിയെ നടപടികള്‍ക്ക് ശേഷം ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.







