തൃശൂര്‍: 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. സിറ്റി ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പീച്ചി വാണിയംപാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ ആദ്യം പിടിയിലായത്. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്ന്, ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. കൂടാതെ, ഗുരുവായൂര്‍ പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇവ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച കേന്ദ്രങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടത്ത ചൂണ്ടൽ സ്വദേശി വിദ്യ അനസ്തേഷ്യ ടെക്നീഷ്യയാണ്.എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത് രാത്രിയിൽ ജോലിക്കിടെ ഉറങ്ങാതിരിക്കാനാണ്. ബംഗളൂരുവിൽ ഏവിയേഷൻ പഠിക്കുന്ന ശ്രീലക്ഷ്മി ആദ്യമായാണ് ലഹരി ഉപയോഗിക്കുന്നത്. കാമുകനും സംഘത്തിലെ പ്രധാനിയുമായ തൃശൂർ സ്വദേശി ജിഷ്ണുവാണ് ശ്രീലക്ഷ്മിക്ക് എം.ഡി എം.എ നൽകിയത്.








