ബൊക്കാറോ: അമിതമദ്യപാനം ചോദ്യംചെയ്ത പിതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലാണ് ദാരുണ സംഭവം. ജഗേശ്വര്‍ വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിലൈയ പഞ്ചായത്തിലെ കരിപാനിയിലെ അര്‍ജുന്‍ കര്‍മാലി എന്ന 30 കാരനാണ് പിതാവ് ജയ്ലാല്‍ കര്‍മാലി(60)യെ കൊലപ്പെടുത്തിയത്. പ്രതിയായ അര്‍ജുന്‍ അമ്മാവന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഏറെ വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. മദ്യപിച്ച് ലക്കുകെട്ട മകനെ കണ്ട ജയ്ലാല്‍ ശകാരിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് പ്രകോപിതനായ അര്‍ജുന്‍ സമീപത്തുണ്ടായിരുന്ന കോടാലി എടുത്ത് പിതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് വീട്ടിനുളളില്‍ തന്നെ കെട്ടിയിട്ടു. ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി പൊലീസ് വീട്ടില്‍നിന്നും കണ്ടെടുത്തു. ജയ്ലാലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചെന്നും അര്‍ജുനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പൊലീസ് അറിയിച്ചു.
അര്‍ജുന്റെ മദ്യപാനത്തെ ചൊല്ലി എല്ലാദിവസവും വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്നും മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ചതിനാലാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതെന്നും നാട്ടുകാര്‍ പറയുന്നു.








