അതുലിന് മറ്റൊരു സ്ത്രീയുമായി ബന്ധം; ചോദ്യം ചെയ്തതിന്റെ പേരില്‍ നിരന്തരം മര്‍ദ്ദനം, മരിക്കാന്‍ പേടി, പക്ഷേ വേറെ വഴിയില്ലെന്ന് ആരതിയുടെ ശബ്ദസന്ദേശം

തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
യുവതി ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടിവന്നത് ക്രൂര ശാരീക പീഡനമെന്ന് വെളിപ്പെടുത്തല്‍. ആരതിയും മാതാവും തമ്മിലുള്ള ചാറ്റ് പുറത്ത് വന്നതോടെയാണ് അതുലിന്റെ ഉപദ്രവം സ്ഥിരീകരിച്ചത്. ഇക്കാര്യം അതുല്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതുല്‍ സ്ഥിരമായി മര്‍ദിക്കുമായിരുന്നു എന്നും ഒന്നിച്ചു ജീവിക്കാന്‍ ഇനി സാധിക്കില്ല എന്നും ആരതിയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. അതുലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ ആരതി ഭര്‍ത്താവുമായി തര്‍ക്കിച്ചിരുന്നു. ഇതിന്റെ പേരിലാണ് ആരതിയെ അതുല്‍ സ്ഥിരമായി മര്‍ദ്ദിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി മാതാവുമായി ചാറ്റ് ചെയ്തിരുന്നു. ചാറ്റില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ മാതാവിന് അയച്ചിരുന്നു. 10 മാസമായി നേരിടുന്ന ശാരീരിക പീഡനത്തെ കുറിച്ച് ആരതി ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവില്‍ നിന്ന് ഒരു സ്നേഹവും ലഭിക്കാത്ത സാഹചര്യത്തില്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും കുറിപ്പില്‍ പറയുന്നു. സാമ്പത്തിക ചൂഷണവും ശാരീരിക പീഡനവും അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് അതുലിന്റെ കുറ്റസമ്മതം. ആരതിയുടെ 50 പവന്‍ സ്വര്‍ണാഭരണങ്ങളും അതുല്‍ പണയം വയ്ക്കുകയും പലതും വില്‍ക്കുകയും ചെയ്തിട്ടുണ്ട്.
പരമാവധി സ്ത്രീധനം നല്‍കിയിട്ടും കഴിഞ്ഞയാഴ്ചയും വീട്ടില്‍ വന്ന് അതുല്‍ കൂടുതല്‍ സാമ്പത്തികം ആവശ്യപ്പെട്ടതായി ആരതിയുടെ പിതാവ് ബൈജു പറയുന്നു. മരിക്കുന്നതിന് മുമ്പ് ആരതി റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മരിക്കാന്‍ പേടിയാണെന്നും പക്ഷേ മറ്റുമാര്‍ഗങ്ങളില്ലെന്നും ആരതി ശബ്ദസന്ദേശത്തില്‍ പറയുന്നു. ഭര്‍ത്താവിന്റെ പീഡനം വിവരിക്കുന്ന ഡയരിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page