കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ 58കാരന്റെ വയറ്റില്‍ നിന്നു 7.9 കിലോഗ്രാം ഭാരമുള്ള മുഴ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ കാസര്‍കോട് ആസ്റ്റര്‍ മിംസ് മെഡിക്കല്‍ സംഘം നീക്കം ചെയ്തു. പ്രമുഖ സര്‍ജന്‍ ഡോ. അരവിന്ദ്. എന്‍ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ രോഗിക്ക് പുതുജീവന്‍ സമ്മാനിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെപ്പോലും തടസ്സപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്ന മുഴയാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
നിരന്തരമായ ഉദരവേദനയെത്തുടര്‍ന്ന് രോഗിയെ ആദ്യം മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പ്രധാന രക്തക്കുഴലുകളോടും അവയവങ്ങളോടും ചേര്‍ന്ന് വളര്‍ന്നുകൊണ്ടിരുന്ന മുഴ കണ്ടെത്തിയത്. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിച്ചു.
മുഴയുടെ അസാധാരണമായ വലിപ്പവും ഉദരത്തില്‍ കിടന്ന രീതിയും രോഗിയുടെ ആമാശയം കുടല്‍ എന്നിവയെ ഗുരുതരമായി സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ശരീരത്തിലെ പ്രധാന രക്തധമനികളോട് ചേര്‍ന്നു കിടന്നിരുന്നതിനാല്‍ ചുറ്റുമുള്ള മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് യാതൊരുവിധ കേടുപാടുകളും വരാതെ മുഴ പൂര്‍ണ്ണമായും വേര്‍പെടുത്താന്‍ മെഡിക്കല്‍ സംഘത്തിന് സാധിച്ചു.
എട്ടു കിലോയോളം ഭാരമുള്ള മുഴ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുക എന്നത് അതീവ സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. അരവിന്ദ് .എന്‍ പറഞ്ഞു. കൃത്യമായ പരിചരണവും അത്യാധുനിക സംവിധാനങ്ങളുടെ ഉപയോഗവും മറ്റു വിഭാഗങ്ങളുടെ പിന്തുണയുമാണ് ഈ ദൗത്യം വിജയകരമാക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍ണ്ണായക ഘട്ടങ്ങളില്‍ കൃത്യതയോടെ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരായ മെഡിക്കല്‍ വിദഗ്ധരുടെ സാന്നിധ്യവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഇത്തരം സങ്കീര്‍ണ്ണമായ കേസുകളില്‍ ആസ്റ്റര്‍ മിംസിനെ വേറിട്ടു നിര്‍ത്തുന്നതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബസുരി പറഞ്ഞു.
സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിസ്‌റ് ഡോ. ജസീല്‍ എസ്.എ, അനസ്തേഷ്യ വിഭാഗം ഡോ. അമീന്‍ ഗുല്‍ഷന്‍, ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് വിഭാഗം മേധാവി ഡോ. സാജിദ് സലാഹുദ്ധീന്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായിരുന്നു. ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് ആരോഗ്യവാനായ രോഗി ആശുപത്രി വിട്ടു.








