കാസര്‍കോട് ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ നിന്നു 3459 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയില്‍; 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പൊലീസ് നടത്തിയ ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനകളില്‍ വിദ്യാനഗര്‍, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വില്‍പ്പനക്കു വച്ച 3459 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക അബ്ദുല്‍ കലാം ബസ് സ്‌റ്റോപ്പിനടുത്തെ മരത്തിന്റെ ചുവട്ടില്‍ രണ്ടു ചാക്കുകളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഉളിയത്തടുക്കയിലെ ഇബ്രാഹിം യുഎം (49) എന്നയാളെ വിദ്യാനഗര്‍ പൊലീസ് ഓടിച്ചിട്ട് പിടിച്ചു.
ശനിയാഴ്ച വൈകിട്ട് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എസ്ഐ ഉമേശനും സംഘവുമാണ് പിടികൂടിയത്. ചാക്കുകളില്‍ 2258 പാക്കറ്റ് നിരോധിത പുകയിലഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി.
ചെര്‍ക്കള ടൗണിലെ ബേവിഞ്ച റോഡരുകില്‍ കറുത്ത പ്ലാസ്റ്റിക് കവറുമായി പരിഭ്രമിച്ചു നില്‍ക്കുകയായിരുന്ന മുളിയാറിലെ അബ്ദുല്‍ ഹക്കീമിനെ (32)യും പൊലീസ് പിടിച്ചു. ഇയാളും പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാനഗര്‍ എസ്ഐ വിജയന്‍ മേലത്തും സംഘവും ചാടിവീണ് പിടികൂടിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന കവറില്‍ 935 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നം കണ്ടെടുത്തു.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജാനൂര്‍ മഡിയന്‍ കൂലോം ക്ഷേത്ര കമാനത്തിനടുത്ത് വെളുത്ത കവറുമായി നിന്ന മാണിയാട്ടെ അഷ്റഫ് എമ്മിനെ (45) ഹൊസ്ദുര്‍ഗ് എസ്ഐ നീതു, എഎസ്ഐ പ്രദീപന്‍, ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ പിടികൂടി. ഇയാളുടെ പക്കലുണ്ടായിരുന്ന കവറില്‍ നിന്ന് 266 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page